ചിറ്റാരിക്കാല്‍ കിഴക്കന്‍കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

.നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ചിറ്റാരിക്കാല്‍ തകിടിയേല്‍ ഹൗസില്‍ രാജേഷ് ബി.ടിയെയാണ് പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്.

ചിറ്റാരിക്കാല്‍, കിഴക്കന്‍കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് കാണിക്കപ്പണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം ചിറ്റാരിക്കാല്‍ പോലീസിന്റെ പിടിയിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ചിറ്റാരിക്കാല്‍ തകിടിയേല്‍ ഹൗസില്‍ രാജേഷ് ബി.ടി യെയാണ് പോലീസ് അതിവേഗം വലയിലാക്കിയത്.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് അതിക്രമിച്ച് കയറിയ പ്രതി, അകത്തിരുന്ന ഭണ്ഡാരവും കാണിക്കവഞ്ചിയും പുറത്തേക്ക് എടുത്തുകൊണ്ടുപോയി കുത്തിപ്പൊളിക്കുകയായിരുന്നു. പണം മുഴുവന്‍ കവര്‍ന്ന ശേഷം ഒഴിഞ്ഞ ഭണ്ഡാരം ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിച്ച് രാജേഷ് കടന്നുകളഞ്ഞു.
രാവിലെ മോഷണവിവരം പുറത്തറിഞ്ഞതോടെ ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച നിര്‍ണ്ണായക സൂചനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി രാജേഷാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ചെറുപുഴയില്‍ വെച്ചാണ് നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ പ്രതി പിടിയിലാകുന്നത്. പോലീസിനെ കണ്ട വെപ്രാളത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ പോലീസ് സംഘം പിന്തുടര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മോഷ്ടിച്ച മുഴുവന്‍ കാണിക്കപ്പണവും കണ്ടെടുത്തു.
ഈ പണവുമായി ഇരിട്ടി ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്.
ചിറ്റാരിക്കാല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് കെ.വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്.ഐ ശ്യാമകുമാര്‍, എ.എസ്.ഐമാരായ മധു, സുനില്‍ അബ്രഹാം, നൗഷാദ് എം.ടി.പി, ബ്രിജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത് പി, മുഹമ്മദ് നിയാസ്, ഷിന്റോ എന്നിവരുണ്ടായിരുന്നു.

Scroll to Top