26 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടം! സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല, ഓസീസ് തൂത്തുവാരി
ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ റിച്ച ഘോഷിന്റെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ (39) – സ്മൃതി സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു.
പെര്‍ത്ത്: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയ തൂത്തുവാരി. പെര്‍ത്തില്‍ 83 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്. 110 റണ്‍സ് നേടിയ അന്നാബെല്‍ സതര്‍ലന്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന (105) സെഞ്ചുറി നേടിയെങ്കിലും ഇന്ത്യക്ക് വിജയലക്ഷ്യം മറികടക്കാനായില്ല. ഇന്ത്യ 45.1 ഓവരില്‍ 215ന് എല്ലാവും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അഷ്ലി ഗാര്‍ഡ്നറാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ റിച്ച ഘോഷിന്റെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ (39) – സ്മൃതി സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു. 28-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഡിയോളിനെ അലാന കിംഗ് പുറത്താക്കി. തുടര്‍ന്നെത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (12), ജമീമ റോഡ്രിഗസ് (16), ദീപ്തി ശര്‍മ (0), മിന്ന മണി (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ സ്മൃതിയും മടങ്ങി. 109 പന്തുകള്‍ നേരിട്ട താരം ഒരു 14 ഫോറും നേടിയിരുന്നു. ഏകദിന കരിയറില്‍ തന്റെ എട്ടാം സെഞ്ചുറിയാണ് സ്മൃതി നേടിയത്. അരുന്ധതി റെഡ്ഡി (5), സൈമ താക്കൂര്‍ (0), തിദാസ് സദു (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (8) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 189 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. പിന്നീട് 26 റണ്‍സിനിടെ ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
രഹാനെ വീണ്ടും ഹീറോ! വിദര്‍ഭയുടെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് മുംബൈ; മുഷ്താഖ് അലി ടി20 സെമിയില്‍
നേരത്തെ ഓസ്ട്രേലിയ നന്നായിട്ടാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫോബെ ലിച്ച്ഫീല്‍ഡ് (25) – ജോര്‍ജിയ വോള്‍ (26) സഖ്യം ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരുടേയും ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. എല്ലിസ് പെറി (4), ബേത് മൂണി (10) എന്നിവരാണ് പുറത്തായ മറ്റു രണ്ട് പേര്‍. ഇതോടെ നാലിന് 78 എന്ന നിലയിലായി ഓസീസ്. എന്നാല്‍ സതര്‍ലാന്‍ഡ് – ഗാര്‍ഡ്നര്‍ (50) സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്ത് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.
ഗാര്‍ഡ്നര്‍ പുറത്തായെങ്കിലും തഹ്ലിയ മഗ്രാത്തിന്റെ (50 പന്തില്‍ പുറത്താവാതെ 56) ഇന്നിംഗ്സ്് 300ന് അടുത്തെത്തിച്ചു. ഇതിനിടെ സതര്‍ലന്‍ഡ് സെഞ്ചുറി പൂര്‍ത്തായിക്കായിരുന്നു. 95 പന്തുകള്‍ നേരിട്ട താരം നാല് സിക്സും ഒമ്പത് ഫോറും നേടി. സോഫി മൊളിനെക്സ് (2) തഹ്ലിയക്കൊപ്പം പുറത്താവാതെ നിന്നു. അരുന്ധതി റെഡ്ഡി ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം മിന്നിവിന് അഞ്ച് ഓവര്‍ എറിഞ്ഞിട്ടും വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. 36 റണ്‍സാണ് വിട്ടുകൊടുത്തത്.