‘
കണ്ണൂര്‍ തോട്ടട ഗവണ്‍മെന്റ് ഐടിഐ കോളജില്‍ എസ്എഫ്‌ഐ- കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തോട്ടട ഐടിഐയില്‍ ഉണ്ടായത് ക്രൂരമായ അക്രമമാണെന്നും കണ്ണൂരില്‍ സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ വളര്‍ത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്‌ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുന്നു. ഐടിഐ എസ്എഫ്‌ഐയുടെ ആയുധപ്പുരയാണ്. ചില അധ്യാപകര്‍ ഇതിന് കൂട്ട് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇരകളെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിക്കുകയാണ് പോലീസ് ചെയ്തത്. വിഷയം കോണ്‍ഗ്രസ് ഗൗരവമായി എടുക്കും. മര്‍ദ്ദനമേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കെഎസ്യു കൊടിമരം എസ്എഫ്‌ഐ തകര്‍ത്തതിനെ ചൊല്ലിയാണ് തര്‍ക്കമുടലെടുത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലെ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
34 വര്‍ഷങ്ങള്‍ക്കുശേഷമാണ് തോട്ടട ഐടിഐയില്‍ കെഎസ്യു യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇത് പിഴുതുമാറ്റിയെന്നാണ് കെഎസ്യുവിന്റെ ആക്ഷേപം.
പുറമേ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തിയാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് എസ്എഫ്‌ഐ ആരോപിച്ചു. പ്രിന്‍സിപ്പലിനെ കാണാനെത്തിയപ്പോള്‍ എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവെന്നും കെഎസ് യു ആരോപണം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു. അടുത്ത വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി പൊലീസ് ചര്‍ച്ച നടത്തും.