‘
ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയംയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ”വായനാ വെളിച്ചം” വായനാക്കളരി കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. നാട്ടറിവും പാരമ്പര്യബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമൂഹത്തില്‍ നിന്ന് അന്യംനിന്നുപോകുന്ന പഴയകാല നാടന്‍ കളികളെ ബാലവേദി കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി.
കൊത്തംകല്ല് കളി, സാറ്റ് കളി, കോരി കളി, കുലകുല മുന്തിരി തുടങ്ങി ഒരുകാലത്ത് കുട്ടികളുടെ ലോകം നിറച്ചിരുന്ന നിരവധി കളികള്‍ ആവേശത്തോടെയാണ് അവതരിപ്പിച്ചത്. കളികളിലൂടെ കൂട്ടായ്മയും ചിന്താശേഷിയും ശരീര-മനസുകളുടെ ഉണര്‍വും വളര്‍ത്തിയിരുന്ന പഴമയുടെ സംസ്‌കാരം കുട്ടികള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു.
പരിപാടിയില്‍ ബാലവേദി കൂട്ടുകാരില്‍ ഏറ്റവും പ്രായം കുറഞ്ഞ അയാന്‍ മകേഷ് തന്റെ ചുറുചുറുക്കും മികവും കൊണ്ട് ശ്രദ്ധേയനായി. അനുവേദ ജെ., ബാബു എം.വി., നയന എം.വി., റിയ പ്രശാന്ത്, ഇഷാന്‍ മകേഷ്, അമരിഷ് കൃഷ്ണ, വേദശ്രീ പി. രാജ്, ദേവദത്ത് പി. എന്നിവര്‍ വിവിധ കളികള്‍ക്ക് നേതൃത്വം നല്‍കി.
”വായനാ വെളിച്ചം” കണ്‍വീനര്‍ ശോഭിത മകേഷ് കുട്ടികള്‍ക്ക് പഴയകാല കളികളുടെ സാമൂഹിക പ്രാധാന്യം, നിയമങ്ങള്‍, കൂട്ടായ്മ വളര്‍ത്തുന്നതിലുള്ള പങ്ക് എന്നിവ വിശദീകരിച്ചു. സാങ്കേതിക ലോകത്ത് ഒതുങ്ങിക്കഴിയുന്ന പുതുതലമുറയ്ക്ക് നാടന്‍ കളികള്‍ പുതിയ അനുഭവവും ആവേശവുമായി മാറി.
ലൈബ്രേറിയന്‍ നന്ദന പി.കെ. സ്വാഗതവും ബാലവേദി കണ്‍വീനര്‍ നയന എം.വി. നന്ദിയും രേഖപ്പെടുത്തി. പാരമ്പര്യത്തിന്റെ മധുരസ്മരണകള്‍ പുതുതലമുറയിലേക്ക് കൈമാറിയ പരിപാടി ശ്രദ്ധേയമായി.
പഴമയുടെ കളികള്‍ക്ക് പുതുജീവന്‍ കുട്ടികളില്‍ നാട്ടറിവുണര്‍ത്തി വായനാ വെളിച്ചം




