‘കാസര്‍കോട് @42’ കാസര്‍കോട് ജില്ലയുടെ 42ാം വാര്‍ഷികാഘോഷം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജന പ്പെടുത്തണം: കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാസര്‍കോട് ജില്ലയുടെ നാല്‍പത്തിരണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഭരണസംവിധാനവും അക്ഷര ലൈബ്രറിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ചേര്‍ന്ന് സംഘടിപ്പിച്ച വിവിധ പരിപാടികള്‍ ആദൂര്‍ ഗാളിമുഖം കശുമാവ് സന്തതി തോട്ടത്തില്‍ നിന്നുള്ള ‘കൊളമ്പോ മാവിന്‍ തൈ’ നട്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രപ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ ഉള്ള ജില്ലയാണ് കാസര്‍കോടെന്നും എന്നാല്‍ വേണ്ടത്ര പ്രാധാന്യത്തോടെ അവ പരിഗണിക്കപ്പെടുന്നില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.ജില്ലയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി.അന്‍വര്‍ സാദത്ത് രചിച്ച ‘മലബാര്‍ കുടിയേറ്റം പിന്നിട്ട വഴികളിലൂടെ’ എന്ന പുസ്തകം ചടങ്ങില്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി രഘുമണി, കളക്ടറേറ്റ് ഹുസൂര്‍ ശിരസ്താദര്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും അക്ഷര ലൈബ്രറി സെക്രട്ടറി കെ.മുകുന്ദന്‍ നന്ദിയും പറഞ്ഞു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ പങ്കെടുത്തു.

Scroll to Top