എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍ പ്രത്യാശയുടെ ‘മഴക്കിലുക്കം’; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

സ്നേഹഗ്രാമത്തില്‍ സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും കഥകളുമായി അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ കരുതലിന്റെ കൈത്താങ്ങുമായി ജില്ലാ കളക്ടറും സഹജീവനത്തിലെ ജീവനക്കാരും അവര്‍ക്കൊപ്പം ചേര്‍ന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും മാനസികോല്ലാസം ലക്ഷ്യമിട്ടുകൊണ്ട് സഹജീവന സ്നേഹ ഗ്രാമം പുനരധിവാസ ഗ്രാമം സംഘടിപ്പിച്ച ഏകദിന സഹപഠന ക്യാമ്പ് ‘മഴക്കിലുക്കം’ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ഈ സന്ദര്‍ശനവും സാന്നിധ്യവും ക്യാമ്പിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആവേശവും പ്രത്യാശയുമാണ് സമ്മാനിച്ചത്. ചടങ്ങില്‍ പ്രൊജക്റ്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വിനീത അധ്യക്ഷത വഹിച്ചു . മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി മാഗസിന്‍ പ്രകാശനം നിര്‍വ്വഹിച്ചു.

മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിസ്രിയ റഫീഖ്, ശാസ്താ ക്ലബ് മുണ്ടക്കൈ പ്രസിഡന്റ് സുനില്‍ മാളിക്കാല്‍, പ്രൊജക്റ്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് ട്രഷറര്‍ കെ.മണികണ്ഠന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആതിര സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സഹജീവനീ സ്നേഹഗ്രാമം മാനേജര്‍ സുരേഷന്‍ പുതിയടത്ത് സ്വാഗതവും സഹജീവനീ സ്നേഹഗ്രാമം സോഷ്യല്‍ വര്‍ക്കര്‍ സുരഭി എസ് നായര്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കിയിരുന്നത്. ഉദയന്‍ കുണ്ടംകുഴി, ജയന്‍ കാടകം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തിയേറ്റര്‍ ആക്റ്റിവിറ്റി കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായി. കുട്ടികള്‍ക്കായി പ്രത്യേക ‘കോര്‍ണര്‍ സെഷനുകളും’ രക്ഷിതാക്കള്‍ക്കായി ‘പാരന്റല്‍ സെഷന്‍ – പാനല്‍ ചര്‍ച്ചകളും’ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഡി.എ.ഡബ്ല്യൂ.എസ് സംസ്ഥാന കമ്മിറ്റി അംഗം എ.വേണുഗോപാല്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ പി.എം മുംതാസ്, വി.ശ്രീദേവി എന്നിവര്‍ പാനലിസ്റ്റുകളായ ചര്‍ച്ചയില്‍ കെ.ആര്‍ വിനീത മോഡറേറ്ററായി. തുടര്‍ന്ന് രക്ഷിതാക്കളുടെ പ്രതിനിധിയായി യു.കെ ശ്രുതി നന്ദി പറഞ്ഞു.

Scroll to Top