പൊസഡി ഗുംപെ ടൂറിസം വികസനത്തിന് വേഗം കൂടും; ഡി.ടി.പി.സി അമിനിറ്റി സെന്റര്‍ സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍കോട് ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയര്‍ന്നുവരുന്ന പൊസഡി ഗുംപെയില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ചുവടുവെപ്പ്. ജില്ലയിലെ പ്രകൃതി സൗന്ദര്യവും ട്രക്കിങ് സാധ്യതകളും ഒരുമിക്കുന്ന പൊസഡി ഗുംപെ ഹില്‍ സ്റ്റേഷന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് വികസന സാധ്യതകള്‍ വിലയിരുത്തി. പഞ്ചായത്ത് ഭരണസമിതി പൊസഡി ഗുംപെയുടെ നിലവിലെ ടൂറിസം സാധ്യതകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത, ഭാവി വികസന കാഴ്ചപ്പാടുകള്‍ എന്നിവ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും പരിസ്ഥിതി പ്രത്യേകതകളും സംരക്ഷിച്ചുകൊണ്ട് സുസ്ഥിര ടൂറിസം വികസന മാതൃക നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി.

ടൂറിസം വികസനത്തിനായി പഞ്ചായത്തുമായി ചേര്‍ന്ന് പ്രകൃതി സന്തുലിതവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിച്ച് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്ലോക്ക് റൂം, റെസ്റ്റോറന്റ്, ആധുനിക ശുചിമുറി സമുച്ചയം തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ അമിനിറ്റി സെന്റര്‍ പ്രവര്‍ത്തനം പൂര്‍ത്തിക്കരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

പൊസഡി ഗുംപെയെ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതകളും യോഗത്തില്‍ വിലയിരുത്തി. ഹില്‍ സ്റ്റേഷന്റെ പ്രകൃതി സൗന്ദര്യവും ട്രക്കിങ് സാധ്യതകളും കൂടുതല്‍ പഠിക്കുന്നതിനായി വിദഗ്ധ ആര്‍ക്കിടെക്റ്റ് സംഘം പ്രൊജക്റ്റ് സൈറ്റ് സന്ദര്‍ശിക്കാനും തീരുമാനമായി. പ്രദേശത്തിന്റെ ഭൂപ്രകൃതി, സന്ദര്‍ശക സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും വികസനത്തിന്റെ അടുത്ത ഘട്ടങ്ങള്‍ ആസൂത്രണം ചെയ്യുക. പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ബദ്റുന്നിസ സലീം, വൈസ് പ്രസിഡന്റ് രാഘവേന്ദ്ര ഭട്ട്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ശ്രീനിവാസ് മാസ്റ്റര്‍, ചേവര്‍ വാര്‍ഡ് മെമ്പര്‍ അസീസ് ചേവര്‍, എം.എല്‍.എയുടെ പ്രതിനിധി അസീസ് കളായി, വസന്ത മാഷ്, സലീം കളായി. ഡി.ടി.പി.സി പ്രതിനിധി അഞ്ജന എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Scroll to Top