തൃക്കരിപ്പൂര്‍: വായനയെയും ചരിത്രബോധത്തെയും സാമൂഹിക പ്രതിബദ്ധതയെയും കുട്ടികളിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ മൈത്താണി ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ സ്മാരക വായനശാലയുടെ ബാലവേദി കൂട്ടുകാര്‍ മഹാകവി ടി. എസ്. തിരുമുമ്പ്യുടെ ഭവനവും കാര്‍ഷിക സംസ്‌കൃതി കേന്ദ്രവും സന്ദര്‍ശിച്ചു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തി, ബ്രിട്ടീഷുകാരെ ”തീണ്ടാടി വന്ന പരദേശികള്‍” എന്ന് മുഖത്തുനോക്കി വിളിച്ച സാമൂഹ്യ വിപ്ലവ കവിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് നേരിട്ട് പരിചയപ്പെടാന്‍ സന്ദര്‍ശനം അവസരമൊരുക്കി. കേന്ദ്രത്തിലെ വിവിധ കാര്‍ഷിക വിളകള്‍, കവിയുടെ ഭവനം, അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, ഏറുമാടം തുടങ്ങിയവ കുട്ടികള്‍ കൗതുകത്തോടെ നിരീക്ഷിച്ചു.
വായനാ വെളിച്ചം-വായനാക്കളരി പദ്ധതിയുടെ സമാപന പരിപാടിയായാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. അപ്രതീക്ഷിതമായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി കേന്ദ്രത്തില്‍ എത്തിയ തൃക്കരിപ്പൂര്‍ എം.എല്‍ എ സന്ദീപ് വാര്യര്‍ കൂട്ടികളോട് കൃഷിയെ ക്കുറിച്ചും ടി. എസ് തിരുമുമ്പ് എന്ന മലബാറിലെസാമൂഹ്യ വിപ്ലവകവിയെക്കുറിച്ചും പറഞ്ഞു കൊടുത്തു. ഹോസ്ദുര്‍ഗ് താലൂക്ക് കൗണ്‍സില്‍ അംഗം പി. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
വനിതാവേദി കണ്‍വീനര്‍ സബ്ന സജിത്ത്, വായനാക്കളരി കണ്‍വീനര്‍ ശോഭിത മകേഷ്, സന്ദീപ് പി., നയന എം., വിജിഷ കെ., റിയ പ്രശാന്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ നന്ദി രേഖപ്പെടുത്തി.
ചരിത്രവും സാഹിത്യവും കാര്‍ഷിക സംസ്‌കാരവും ഒരുമിപ്പിച്ച ഈ പഠനയാത്ര കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറുകയും മഹാകവി ടി. എസ്. തിരുമുമ്പിന്റെ സാമൂഹിക പ്രതിബദ്ധതയും പൈതൃക മൂല്യങ്ങളും അടുത്തറിയാന്‍ അവസരമൊരുക്കുകയും ചെയ്തു.
മൈത്താണിയിലെ ബാലവേദി കൂട്ടുകാര്‍ ടി. എസ്. തിരുമുമ്പ് ഭവനം സന്ദര്‍ശിച്ചു




