ഗൂഢാലോചനയുള്‍പ്പെടെ 7 വകുപ്പുകള്‍; കേസെടുത്തു
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്തത്.
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു. കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇതിനിടെ എംഎസ് സൊല്യൂഷന്‍സിന്റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപകനെ സിഇഓ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. എംഎസ് സൊല്യൂഷന്‍സിലെ ജീവനക്കാരേയും ചില എയ്ഡഡ് സ്‌കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. കേസെടുത്തതിനു പിന്നാലെ എംഎസ് സൊല്യൂഷന്റെ കൊടുവള്ളിയിലെ ആസ്ഥാനത്ത് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. ഇതിനിടെ എംഎസ് സൊല്യൂഷന്‍സ് സിഇഓ ഷുഹൈബ് ചക്കാലക്കല്‍ ഹൈസ്‌കൂള്‍ അധ്യാപകനായ അബ്ദുള്‍ ഹക്കീമിനെ കഴിഞ്ഞ ഓണ പരീക്ഷയുടെ സമയത്ത് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു.
എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലെ ചോദ്യം മാത്രം നോക്കി പരീക്ഷക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞതിനായിരുന്നു ഭീഷണിയെന്ന് അധ്യാപകനായ അബ്ദുള്‍ ഹക്കീം പറഞ്ഞു. അതേ സമയം, ചോദ്യ പേപ്പര്‍ ചോരുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കപ്പെടണമെന്ന് വിദ്യാഭ്യാസ സ്ഥാപനമായ സൈലം ആവശ്യപ്പെട്ടു. സൈലത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തെ തള്ളിക്കളയുന്നതായും ഡയറക്ടര്‍ ലിജീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പറും ചോര്‍ന്നിട്ടുണ്ടെന്നു കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.