കെ അണ്ണാമലൈ പുറത്തേക്ക്; രാജി അംഗീകരിച്ച് ബിജെപി

കഴിഞ്ഞ ദിവസം അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയനീക്കം വിജയിച്ചിരുന്നില്ല.

ചെന്നൈ: തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിക്ക് പുറത്തേക്ക്. പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അംഗീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്ന അണ്ണാമലൈ ഭാവി നീക്കങ്ങള്‍ വിശദീകരിക്കും. കഴിഞ്ഞ ദിവസം അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയനീക്കം വിജയിച്ചിരുന്നില്ല.

അഞ്ച് പേജുള്ള രാജിക്കത്ത് ആണ് അണ്ണാമലൈ നേതൃത്വത്തിന് കൈമാറിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റ അവഗണന, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം അടക്കം ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത്. രാജ്യസഭാ സീറ്റ് അടക്കം അണ്ണാമലൈക്ക് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ ദീര്‍ഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴുവര്‍ഷം തുടര്‍ച്ചയായി അധികാരം നല്‍കണമെന്നുമായിരുന്നു അണ്ണാമലൈയുടെ ആവശ്യം. ഇതിനോട് ദേശീയ നേതൃത്വം പച്ചക്കൊടി വീശിയിരുന്നില്ല.

‘മക്കള്‍ ശക്തി’ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് അണ്ണാമലയുടെ നീക്കം. തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ അണ്ണാമലയെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അണ്ണാമലൈയ്ക്കൊപ്പം വലിയൊരു വിഭാഗം പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. ഐപിഎസ് ഓഫീസര്‍ പദവി ഉപേക്ഷിച്ച് 2020ലായിരുന്നു അണ്ണാമലൈയുടെ ബിജെപി പ്രവേശനം. 2021ല്‍ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

Scroll to Top