കാസര്‍കോട് ആര്‍.ഡി.ഒയുടെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു
ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഓവുചാലുകളെ ബന്ധിപ്പിച്ച് സംവിധാനം സുഗമമാക്കാന്‍ കാസര്‍കോട് ആര്‍.ഡി.ഒ ബിനു ജോസഫിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. ചെര്‍ക്കള ടൗണിലെ പഞ്ചായത്ത് ഡ്രെയിനേജുകളെ ദേശീയ പാത ഡ്രെയിനേജുമായി ബന്ധിപ്പിച്ച് സംവിധാനം സുഗമമാക്കും. ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനായി പാടി റോഡിന്റെ ഓവുചാല്‍ മുതല്‍ ഇപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഓട വരെ 2.5 മീറ്റര്‍ വീതിയിലും മൂന്ന് മീറ്റര്‍ ആഴത്തിലും പുതിയ ഓവുചാല്‍ സംവിധാനം ഏര്‍പ്പെടുത്തും.
നിലവിലെ പ്ലാന്‍ പ്രകാരം ദേശീയ പാത അതോറിറ്റിക്ക് 1.4 മീറ്റര്‍ വീതിയുള്ള ഓട നിര്‍മ്മിക്കാനേ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്രയും ചെറിയ ഓവുചാല്‍ നിര്‍മ്മിച്ചാല്‍ വെള്ളക്കെട്ട് ഒഴിവാകില്ലെന്ന യോഗത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്ന്, ദുരന്ത നിവാരണ അതോറിറ്റി നിയമപ്രകാരം വലിയ ഓവുചാല്‍ നിര്‍മ്മിക്കാന്‍ ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച പ്രപ്പോസല്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാനും തീരുമാനമായി. അഞ്ച് മീറ്റര്‍ ആഴത്തില്‍ ഇടവിട്ട് മാന്‍ഹോള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തിയാണ് പ്രൊപ്പോസലില്‍ ഉള്‍പ്പെടുത്തുക. ഓവുചാലിന്റെ ബാക്കി ഭാഗം കുണ്ടടുക്കം വലിയ തോടുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജോയിന്റ് ഡയറക്ടര്‍ മുഖേന കൈമാറാന്‍ ആര്‍.ഡി.ഒ. പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പാലത്തിന്റെ ബലപ്പെടുത്തലും പരിശോധനയും
പാലത്തിന് അടിയില്‍ മണ്ണ് കൂട്ടിക്കിടക്കുന്നത് ഒലിച്ചുപോകാതിരിക്കാന്‍ അടിയന്തിരമായി ‘ജിയോ ടെക്‌സ്ചര്‍’ ചെയ്യാമെന്ന് നിര്‍മ്മാണ ചുമതലയുള്ള നിര്‍മ്മാണ കമ്പനി അധികൃതര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. മണ്‍സൂണിന് ശേഷം താഴെ ഒരു കോണ്‍ക്രീറ്റ് ടോ വാള്‍ (Toe Wall) നിര്‍മ്മിക്കുകയും, മുകളിലേക്ക് ചെരിവായി കിടക്കുന്ന ഭാഗം ആര്‍സിസി ചെയ്ത് ബലപ്പെടുത്തുകയും ചെയ്യും. ഈ പ്രവൃത്തികള്‍ വിലയിരുത്താന്‍ ജൂണ്‍ എട്ടിന് രാവിലെ 10ന് നിര്‍മ്മാണ കമ്പനിയുടെ ജനറല്‍ മാനേജരും എഞ്ചിനീയര്‍മാരും സ്ഥലത്ത് നേരിട്ട് പരിശോധന നടത്തും. ബേവിഞ്ച ഭാഗത്തെ വെള്ളക്കെട്ടും റോഡുകളുടെ അവസ്ഥയും നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനായി ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ജൂണ്‍ ഒന്‍പതിന് രാവിലെ 11ന് പ്രദേശം സന്ദര്‍ശിക്കാനും യോഗത്തില്‍ തീരുമാനമായി.
പുലിക്കുന്ന് ആര്‍.ഡി.ഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എച്ച്.എ.ഐ റസിഡന്റ് എഞ്ചിനീയര്‍ യോഗേന്ദ്രപ്പ, ലെയ്‌സണ്‍ ഓഫീസര്‍ കെ. സേതുമാധവന്‍ നായര്‍, വിദ്യാനഗര്‍ എസ്.ഐ എം. രമേഷ്, മേഘ എ.ജി.എം ജി. സുധാകര്‍, കണ്‍സ്ട്രക്ഷന്‍സ് പ്രൊജക്ട് മാനേജര്‍ എ. ഭാസ്‌ക്കര്‍, ലെയ്‌സണ്‍ ഓഫീസര്‍ ടി. മാധവന്‍, യു.എല്‍.സി.സി.എല്‍ ലെയ്‌സണ്‍ ഓഫീസര്‍ മനീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




