Home National ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം; ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്,

ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം; ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്,

by KCN CHANNEL
0 comment

നയതന്ത്ര തലത്തില്‍ കത്ത് നല്‍കി
ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്.

ദില്ലി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. നാല് മാസം പിന്നിടുമ്പോഴാണ് ഹസീനയെ തിരിച്ചയക്കണമെന്ന ശക്തമായ ആവശ്യം ബംഗ്ലാദേശ് മുന്‍പോട്ട് വയ്ക്കുന്നത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശ കാര്യമന്ത്രാലയത്തിന് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ മുന്‍ പ്രധാനമന്ത്രിക്കും, മന്ത്രിസഭാംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്. പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹസീനയെ ഉടന്‍ മടക്കിക്കൊണ്ടുവരുമെന്നും ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനുസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറിയുടെ സന്ദര്‍ശനത്തിലും ബംഗ്ലാദേശ് ഇക്കാര്യം ഉന്നയിച്ചതായാണ് വിവരം. ഹിന്ദുക്കള്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടരുന്ന അതിക്രമത്തില്‍ ഷെയ്ഖ് ഹസീന നിരന്തര വിമര്‍ശനം ഉന്നയിക്കുന്നതും ബംഗ്ലാദേശിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുണ്ടെങ്കിലും ഷെയ്ഖ് ഹസീനയുടെ ഒരു വിവരവും സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

You may also like

Leave a Comment