ലോറി കയറി തകര്‍ന്ന എട്ടു വയസുകാരിയുടെ കാല്‍പാദം മൈക്രോ സര്‍ജറിയിലൂടെ തുന്നിച്ചേര്‍ത്ത് കാസര്‍കോട് ആസ്റ്റര്‍ മിംസ്

കാസര്‍കോട് ;സ്‌കൂള്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ ലോറി കയറി കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരിക്ക് അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവനേകി കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ്. കാലിലെ മാംസപേശികള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും പ്രധാനപ്പെട്ട രണ്ട് രക്തധമനികളും മൂന്ന് നാഡികളും അറ്റുപോയ നിലയിലും ആശുപത്രിയിലെത്തിച്ച കുട്ടിയെ മൈക്രോവാസ്‌കുലര്‍ അനാസ്റ്റമോസിസ് എന്ന നൂതന ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

അപകടത്തെത്തുടര്‍ന്ന് അങ്ങേയറ്റം സങ്കീര്‍ണ്ണമായ അവസ്ഥയിലായിരുന്ന കുട്ടിയുടെ കാലുകള്‍ സാധാരണ നിലയിലാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ അത്യാധുനിക മൈക്രോസ്‌കോപ്പിക് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഡോ. സംറീന്‍ ജാഫറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു കാസര്‍കോട് മേഖലയില്‍ ഈ അത്യാധുനിക സൗകര്യമുള്ള ഏക ആശുപത്രിയാണ് ആസ്റ്റര്‍ മിംസ്.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തത്ര സൂക്ഷ്മമാണ് ഇതിലെ രക്തക്കുഴലുകളും നാഡികളും. ഹൈ-പവര്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പുകളുടെയും പ്രത്യേക ഉപകരണങ്ങളുടെയും സഹായത്തോടെ ഇവ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഈ സങ്കീര്‍ണ്ണമായ മൈക്രോ സര്‍ജറിയിലൂടെ കുട്ടിയുടെ കാലുകളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാനും തകര്‍ന്ന നാഡികള്‍ കൂട്ടിച്ചേര്‍ക്കാനും ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.

മുതിര്‍ന്നവര്‍ പോലും ഭയപ്പെടുന്ന ഇത്രയും വലിയൊരു അപകടത്തെയും അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയെയും അതിജീവിച്ച എട്ടുവയസ്സുകാരിയുടെ മനക്കരുത്ത് ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തനിക്ക് എത്രയും വേഗം സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കാന്‍ പോകണമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവള്‍.

ശസ്ത്രക്രിയയ്ക്ക് ശേഷം മികച്ച രീതിയില്‍ സുഖം പ്രാപിച്ചുവരുന്ന കുട്ടി വീണ്ടും പൂര്‍ണ ഗതിയില്‍ സ്‌കൂളില്‍ പോയി തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഡോക്ടര്‍മാരുടെ വൈദഗ്ധ്യവും ഒത്തുചേര്‍ന്നപ്പോള്‍ ഒരു കുരുന്നിന്റെ വലിയ സ്വപ്നങ്ങള്‍ക്കാണ് കാസര്‍കോഡ് ആസ്റ്റര്‍ മിംസില്‍ വെച്ച് വീണ്ടും ചിറകുവിരിച്ചത്. കൃത്യസമയത്ത് നല്‍കിയ വിദഗ്ധ ചികിത്സയിലൂടെ സങ്കീര്‍ണ്ണമായ വൈകല്യങ്ങളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാനായതിലൂടെ ആരോഗ്യമേഖലയില്‍ മറ്റൊരു വലിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് കാസര്‍കോട് ആസ്റ്റര്‍ മിംസ്.

Scroll to Top