കാസര്‍കോട് : ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ജനമനസ്സുകളില്‍ മുഖ്യപ്രതിപക്ഷത്തിന്റെ റോളില്‍ ബിജെപിയാണെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും ബിജെപി എംഎല്‍എമാരാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള, സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ വീണ്ടും സജീവമാക്കിയതെന്നും ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വികെ സജീവന്‍ പറഞ്ഞു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാ അഭിയാനുമായി ബന്ധപ്പെട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആകൃഷ്ടരായി ബിജെപിയില്‍ പുതുതായി അംഗത്വം എടുക്കുന്നവരിലും ബിജെപിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യകര്‍ത്താക്കളിലും ബിജെപിയുടെ ആശയം, ചരിത്രം, കാര്യപദ്ധതി, ലക്ഷ്യം എന്നിവയെ കുറിച്ച് ധാരണ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മൂന്ന് വര്‍ഷ കാലയളവില്‍ അംഗത്വ വിതരണം, ഭാരവാഹി തെരഞ്ഞെടുപ്പ്, പരിശീലനം എന്നിവ കൃത്യമായി നടപ്പാക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം സഞ്ജീവ ഷെട്ടി, സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ശിവകൃഷ്ണ ഭട്ട്, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി എന്നിവര്‍ സംസാരിച്ചു.




