മംഗല്‍പാടിക്ക് വേണ്ട സമഗ്ര വികസനം:മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കി.

മഞ്ചേശ്വരം.അടിസ്ഥാന സൗകര്യ വികസനത്തില്‍ മഞ്ചേശ്വരം മണ്ഡലവും, മംഗല്‍പാടി ഗ്രാമപഞ്ചായത്തും അവഗണന നേരിടുന്നതായും, സമഗ്രമായ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശന് മണ്ഡലം ലീഗ് നേതൃത്വം തയ്യാറാക്കിയ വികസന രൂപരേഖ സമര്‍പ്പിച്ചു.

സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കാസര്‍കോട് ജില്ലയിലെ വടക്കെ അതിര്‍ത്തിയായ മഞ്ചേശ്വരവും, മംഗല്‍പാടി പഞ്ചായത്ത് പ്രദേശവും ഏഴ് ഭാഷകള്‍ സംസാരിക്കുന്നവരാന്‍ സമ്പന്നമായ സാംസ്‌കാരിക ഭൂമികയാണ്.ജില്ലയിലെ ജനസാന്ദ്രത കൂടിയ പഞ്ചായത്താണ് മംഗല്‍പാടി.ഏകദേശം 45,000 രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരും ഏകദേശം 1,00,000 ജനസംഖ്യയുമാണ് ഇവിടെയുള്ളത്.
എന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെയും, വികസനത്തിന്റെയും കാര്യത്തില്‍ പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രദേശം വളരെ പിന്നിലാണ്. പഞ്ചായത്തിലോ, സമീപപ്രദേശങ്ങളിലോ ഉന്നതപഠനത്തിന് ആവശ്യമായ കോളേജുകളോ, സ്ഥാപനങ്ങളോയില്ല. അതിനാല്‍ ഇവിടത്തെ കുട്ടികള്‍ കര്‍ണാടക ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തെയും, മറ്റു പ്രദേശങ്ങളിലെയുമാണ് കോളേജുകള്‍ക്കായി ആശ്രയിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുള്ള സൗജന്യ ബസ് പാസ് കേരളത്തിലെ കെഎസ്ആര്‍ടിസിയില്‍ അനുവദിക്കുക.(കര്‍ണാടക സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുള്ള ബസ് പാസുകള്‍ നല്‍കുന്നുണ്ട് ) പരിസര പ്രദേശങ്ങളിലുമുള്ള കോളേജുകളില്‍ പഠിക്കുന്ന മംഗല്‍പാടി പഞ്ചായത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കേരള സര്‍ക്കാര്‍ അന്തര്‍സംസ്ഥാന ബസുകളില്‍ സൗജന്യ പാസുകള്‍ അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മഞ്ചേശ്വരത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക,ബിരുദ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് മംഗല്‍പ്പാടി പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജോ, പോളിടെക്‌നിക്കോ അനുവദിക്കണമെന്നും,
ഉപ്പള വില്ലേജ് സ്മാര്‍ട്ട് വില്ലേജായി ഉയര്‍ത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് ലീഗ് നേതാക്കളായ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി എം സലീമിന്റെ നേതൃത്വത്തില്‍ അസീം മണിമുണ്ട,അഷ്‌റഫ് ഒ എ, ഹനീഫ് കുട്‌കോട്ടി, ബഷീര്‍ സംഘം,റഫീഖ് നായ ബസാര്‍ എന്നിവര്‍ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കിയത്.

ഫോട്ടോ: മംഗല്‍പാടിയുടെ സമഗ്ര വികസനത്തിന് പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കുന്നു.

Scroll to Top