കാസര്‍ഗോഡ്. അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ജില്ലാ കളക്ടറായി കാസറഗോഡ് നിയമിതനായതിന് ശേഷം ജില്ലയിലെ ടൂറിസം വികസന രംഗത്ത് വലിയ ഉണര്‍വാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിലെ ജനങ്ങള്‍ ആഗ്രഹിച്ചതുപോലെ ജില്ലയിലെ മനോഹരങ്ങളായ ഭൂപ്രദേശങ്ങള്‍,’പൊ സഡിഗുംബെ” പോലുള്ള മലനിരകള്‍, വിശാലമായ കടല്‍ തീരങ്ങള്‍, ചരിത്രത്താളുകളില്‍ അന്തിയുറങ്ങുന്ന കോട്ടകള്‍,പ്രകൃതി ഭംഗി തുളുമ്പുന്ന ചന്ദ്രഗിരി, മൊഗ്രാല്‍ പുഴകള്‍ എല്ലാം കോര്‍ത്തിണക്കി ടൂറിസം വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള വലിയൊരു കാഴ്ചപ്പാട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ജനങ്ങള്‍ക്കൊപ്പം ഇതിനകം പങ്കുവെച്ചു കഴിഞ്ഞു.ജില്ലയില്‍ ടൂറിസം പദ്ധതികളില്‍ പരിഗണനയിലിരിക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളും ജില്ലാ കലക്ടര്‍ ഇതിനകം സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. അര്‍ജുന്‍ പാണ്ഡ്യന്‍ നേരത്തെ കലക്ടറാ യിരുന്ന തൃശ്ശൂര്‍ ജില്ലയിലും ടൂറിസം പദ്ധതികളില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റം കാസര്‍ഗോഡ് ജില്ലയിലും ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കുമുണ്ട്.
ലോക സൈക്കിള്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ചരിത്ര പൈതൃകവും, കായിക-വിനോദ സഞ്ചാര സാധ്യതകളും കോര്‍ത്തിണക്കി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ‘കാസര്‍ഗോഡ് ഫോര്‍ട്ട് റൈഡ്-2026” ജില്ലയിലെ ടൂറിസം പ്രേമികള്‍ക്ക് ആവേശം പകരുന്നതായിരുന്നു.
കാസര്‍ഗോഡ് ബേക്കല്‍ ബീച്ചിനെ പോലെ വിശാലമായ കടല്‍ത്തീരമുള്ള പ്രദേശമാണ് നെല്ലിക്കുന്ന് കടപ്പുറം. ഇവിടത്തെ ലൈറ്റ് ഹൗസ് തന്നെയാണ് ഏറെ ആകര്‍ഷകവും. ദിവസേന നെല്ലിക്കുന്ന് ബീച്ചില്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്.ഒട്ടുമിക്ക ദിവസങ്ങളിലും ബീച്ചില്‍ വൈകുന്നേരങ്ങളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.കാസര്‍ഗോഡ് നഗരസഭ കഴിഞ്ഞ വര്‍ഷം ടൂറിസം വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി’ബീച്ച് ഫെസ്റ്റ്”നടത്താന്‍ ആലോചിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയി. ജില്ലയുടെ 42-ആം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് നടത്തിയ ‘കാസറഗോഡ് നെല്ലിക്കുന്ന് ബീച്ച് റണ്‍” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.ഇത് നെല്ലിക്കുന്ന് ബീച്ചില്‍ വരാനിരിക്കുന്ന ടൂറിസം വികസനത്തിന്റെ തുടക്കമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുമുണ്ട്.
കാസറഗോഡിന്റെ ടൂറിസം ഭൂപടത്തിലേക്ക് നെല്ലിക്കുന്ന് ബീച്ചിന്റെ മനോഹാരിത കൂടി കൂട്ടിച്ചേര്‍ക്കാന്‍ വിപുലമായ പദ്ധതികളാണ് ജില്ലാ ഭരണകൂടവും,ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും, കാസര്‍ഗോഡ് നഗരസഭയും കൈകോര്‍ത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.ഇതിന്റെ ഭാഗമായാണ് ‘കാസര്‍ഗോഡ് ബീച്ച് റണ്‍ 2026’ സംഘടിപ്പിച്ചതും.
ഫോട്ടോ:നെല്ലിക്കുന്ന് ബീച്ചിലെ ലൈറ്റ് ഹൗസ്.
ഫോട്ടോ: തിരക്കൊഴിയാത്ത നെല്ലിക്കുന്ന് ബീച്ച്.




