കാസര്‍കോടിന് എയിംസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ നിവേദനം നല്‍കി

കാസറഗോഡ്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന എയിംസ് (AIIMS) പ്രൊപ്പോസലില്‍ കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ച് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ കാസറഗോഡിന്റെ ചാര്‍ജ് ഉള്ള ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജിക്ക് കാസറഗോഡ് ഗസ്റ്റ് ഹൗസില്‍ വച്ച് നിവേദനം സമര്‍പ്പിച്ചു. വിഷയത്തില്‍ മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട സംഘം, കാസറഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അവിടുത്തെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉദുമ എം.എല്‍.എ ശ്രീ. കെ. നീലകണ്ഠന്റെ സാന്നിധ്യത്തിലാണ് നിവേദക സംഘം മന്ത്രിയെ കണ്ടത്.

ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവവും കാരണം കാസറഗോഡ് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ എയിംസ് ജില്ലയ്ക്ക് അനുവദിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഭാരവാഹികള്‍ മന്ത്രിയോട് വ്യക്തമാക്കി. പ്രൊപ്പോസലില്‍ കാസറഗോഡിന്റെ പേര് ചേര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷന്‍ അരമങ്ങാനം, ട്രഷറര്‍ സലീം സന്ദേശം, കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, വൈസ് പ്രസിഡന്റുമാരായ അഹമ്മദ് കിര്‍മാണി, നാസര്‍ ചെര്‍ക്കളം, സെക്രട്ടറി സിസ്റ്റര്‍ ജയാ ആന്റോ മംഗലത്ത് എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്.

Scroll to Top