രാജ്യത്തിന്റെ പുരോഗതിക്കും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തുപകരുന്ന ദേശീയ ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ് 2027) പ്രക്രിയകള്‍ക്ക് കേരളത്തിലും ഊര്‍ജ്ജസ്വലമായ തുടക്കം. ഇതിന്റെ ഭാഗമായി, പ്രശസ്ത ചലച്ചിത്ര താരം പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മൊബൈല്‍ ഫോണ്‍ വഴി സെന്‍സസ് പോര്‍ട്ടലില്‍ സെല്‍ഫ് എന്യൂമറേഷന്‍ നടത്തി സ്വന്തം വിവരങ്ങള്‍ രേഖപ്പെടുത്തി മാതൃകയായി. തൃക്കരിപ്പൂര്‍ തടിയ്യന്‍കൊവ്വലിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച്, ജില്ലയിലെ സെന്‍സസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിവരശേഖരണം. രാജ്യത്തിന്റെ കൃത്യമായ വികസന ആസൂത്രണത്തിനായി പൊതുജനങ്ങള്‍ ഏവരും സെല്‍ഫ് എന്യൂമറേഷനിലൂടെ വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തി ഈ ദേശീയ ദൗത്യത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ സെന്‍സസ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ വീടുകളുടെ വിവരശേഖരണമാണ് നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ വിവരങ്ങള്‍ സെന്‍സസ് പോര്‍ട്ടലില്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ഈ മാസം (ജൂണ്‍) 30 വരെ ലഭ്യമാണ്. ഇത്തരത്തില്‍ വിജയകരമായി വിവരങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ക്ക് 11 അക്ക ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കും. ഈ ഐഡി നമ്പര്‍ അടുത്ത മാസം (ജൂലൈയില്‍) വീടുകളില്‍ നേരിട്ടെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൈമാറിയാല്‍ മതിയാകും. ഇത് സെന്‍സസ് പ്രക്രിയ കൂടുതല്‍ ലളിതവും സുതാര്യവുമാക്കാന്‍ സഹായിക്കും.
തുടര്‍ന്ന്, സെന്‍സസിന്റെ രണ്ടാം ഘട്ടമായ യഥാര്‍ത്ഥ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക. ഈ മഹാദൗത്യത്തോട് പൂര്‍ണ്ണമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, സെന്‍സസ് ഡയറക്ടറേറ്റിലെ ജില്ലാ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ടി. രാജ്കുമാര്‍, കളക്ടറേറ്റ് സെന്‍സസ് വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ട് ജഗദീഷ്, പി.രാഗേഷ്, കളക്ടറുടെ ഇന്റേണ്‍ കൃതിക തുടങ്ങിയവരും സന്നിഹിതരായിരുന്നു.




