കാസര്‍ഗോഡ്.നടപ്പാത വിഷയത്തില്‍ സുപ്രീം കോടതി പോലും കണ്ണുരുട്ടിയതോടെ തലപ്പാടി-ചെങ്കള റീച്ചില്‍ ദേശീയപാത നിര്‍മ്മാണ കമ്പനി തട്ടിക്കൂട്ടി ഉണ്ടാക്കിയ നടപ്പാതയിലെ ഇന്റര്‍ലോക്കുകള്‍ ശക്തമായ മഴയില്‍ മിക്ക സ്ഥലങ്ങളിലും ഇളകി തുടങ്ങി. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ഇന്റര്‍ലോക്ക് ഇളകി കുഴി രൂപപ്പെട്ടത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി.
നടപ്പാതയില്‍ ഇന്റര്‍ലോക്ക് പാകുമ്പോള്‍ തന്നെ നാട്ടുകാര്‍ നിര്‍മ്മാണത്തിലെ അശാസ്ത്രിയത കണ്ട് ചോദ്യം ചെയ്തിരുന്നു. കുഴിയൊന്നും എടുക്കാതെ ഇന്റര്‍ലോക്ക് പാകി നടപ്പാത ഉണ്ടാക്കുകയായിരുന്നു.ഇത് നടപ്പാതയുടെ പൂര്‍ണമായ തകര്‍ച്ചയ്ക്ക് കാരണമായി. കാസര്‍ഗോഡ് ഭാഗത്തും ഇത്തരത്തില്‍ നടപ്പാതയിലെ ഇന്റര്‍ലോക്കുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.ഇവിടെ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പോലും നടപ്പാതയില്‍ കയറിയതാണ് തകര്‍ച്ചയ്ക്ക് കാരണമായത്.
നടപ്പാതയില്‍ പാടിയ ഒരു ഇന്റര്‍ലോക്ക് ഇളകിയാല്‍ തന്നെ വേണ്ടവിധത്തില്‍ ഉറപ്പിച്ച് നിര്‍ത്താത്തതിനാല്‍ മൊത്തത്തില്‍ ഇന്റര്‍ലോക്ക് തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഇത് സിമന്റുകളിട്ട് ഉറപ്പിച്ച് നിര്‍ത്താറാണ് പതിവ്.ഇത് ചെയ്യാതെയാണ് ഇന്റര്‍ലോക്കുകള്‍ പാകിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തിലുള്ള നടപ്പാത നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
ഫോട്ടോ:മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ തകര്‍ന്ന നടപ്പാതയിലെ ഇന്റര്‍ലോക്കുകള്‍.




