നമസ്തേ കളക്ടറില്‍ ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്. എസിലെ കുട്ടികള്‍ പങ്കെടുത്തു

രണ്ട് ക്ലാസുകള്‍ എങ്കിലും ഹൈടെക് ആക്കി തരണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് ബങ്കര മഞ്ചേശ്വരം സ്‌കൂളിലെ കുട്ടികളുടെ ആവശ്യം.നമസ്തേ കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്ത് ബങ്കര ജി എച്ച് എസ് എസിലെ കുട്ടികളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിര്‍ച്വല്‍ ലാബ് ഉണ്ട് ഹൈടെക് ക്ലാസ് റൂം വേണം അധ്യാപകരും കുട്ടികളുടെ ആവശ്യത്തെ പിന്തുണച്ചു. ഞങ്ങളുടെ സ്‌കൂളിലേക്ക് വരുമോ, ഞങ്ങളുടെ കൂട്ടുകാര്‍ക്കും സാറിനെ കാണണമെന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതിനെന്താ വരാലോ ഒരു ദിവസം സ്‌കൂളിലേക്ക് ഞാന്‍ വരുന്നുണ്ടെന്ന് മറുപടി നല്‍കി കളക്ടര്‍.

പി.ഇ.ടി പിരീഡ് കിട്ടുന്നുണ്ടോ, കളിക്കാന്‍ പറ്റുന്നുണ്ടോ കളക്ടറേറ്റില്‍ ഇതിനുമുമ്പ് വന്നിട്ടുണ്ടോ എന്നൊക്കെ കുട്ടികളോട് കളക്ടര്‍ കുശലം ചോദിച്ചു. കളക്ടര്‍ ആകാന്‍ കുട്ടിക്കാലത്ത് ആരായിരുന്നു പ്രചോദനം, വിദ്യാഭ്യാസ കാലഘട്ടം എങ്ങനെയായിരുന്നു, ജന്മ നാടായ ഇടുക്കിയില്‍ നിന്ന് കാസര്‍കോട്ടേക്ക് എത്തുമ്പോള്‍ എന്താണ് തോന്നുന്നത് എന്നിങ്ങനെ കുട്ടികള്‍ക്ക് ചോദിച്ചറിയാന്‍ ഏറെ.
ഇടുക്കിയിലെ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചും കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളേജിലെ കോളേജ് കാലഘട്ടത്തെപ്പറ്റിയും ജില്ലാ കളക്ടര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു.

ലഹരി പോലെ തന്നെ അപകടകരമാണ് സൈബര്‍ ചതിക്കുഴികള്‍ എന്നും ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണണമെന്നും കളക്ടര്‍ പറഞ്ഞു.നമുക്ക് കഴിയില്ല എന്നു തോന്നുന്ന കാര്യങ്ങള്‍ കൂടി ആവശ്യം വരുമ്പോള്‍ ചെയ്യാനുള്ള ശേഷി മനുഷ്യന് ഉണ്ട്.കാസര്‍കോട് നല്ല സ്ഥലമാണെന്ന് പറഞ്ഞ കളക്ടര്‍ ടൂറിസം ഉള്‍പ്പെടെ ജില്ലയ്ക്ക് ഏറെ വികസന സാധ്യതകള്‍ ഉണ്ടെന്നും പറഞ്ഞു. കളിക്കാന്‍ കുട്ടികള്‍ക്ക് ചെറിയ കളിസ്ഥലം മാത്രമേ ഉള്ളെന്നും സ്‌കൂളില്‍ വിര്‍ച്വല്‍ ലാബ് വന്നതോടെ സ്ഥലം ഇല്ലാതായെന്നും ക്ലാസുകള്‍ ഹൈടെക് ആക്കണം എന്നും അധ്യാപകര്‍ കളക്ടറോട് ആകുലതകള്‍ പങ്കുവെച്ചു.

പുതിയ കെട്ടിടത്തിനായുള്ള അപേക്ഷ നല്‍കാനും കാസര്‍കോട് വികസന പാക്കേജില്‍ പെടുത്തി കെട്ടിടം നിര്‍മ്മിച്ചു നല്‍കാനുള്ള നടപടികള്‍ ചെയ്യാമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. ബങ്കര മഞ്ചേശ്വരം ജി എച്ച് എസ് എസിലെ ആറു മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന 25 കുട്ടികളും രണ്ട് അധ്യാപകരും ആണ് നമസ്തേ കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്. കന്നട മീഡിയവും മലയാളം മീഡിയവുമുള്ള സ്‌കൂളില്‍ ഹൈസ്‌കൂളില്‍ മാത്രം 323 കുട്ടികള്‍ പഠിക്കുന്നുണ്ട്. കുട്ടികള്‍ നിര്‍മ്മിച്ച ബൊക്കകള്‍ കളക്ടര്‍ക്ക് സമ്മാനമായി നല്‍കി.ഫാത്തിമത്ത് ജുംസ എന്ന വിദ്യാര്‍ത്ഥിനി വരച്ച ഫോട്ടോയും കളക്ടര്‍ക്ക് സമ്മാനിച്ചു. തുടര്‍ന്ന് കളക്ടര്‍ കുട്ടികളോടൊപ്പം ഫോട്ടോ എടുക്കുകയും നമസ്തേ കളക്ടറില്‍ പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ജില്ലാ ഭരണകൂടവും കുട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നമസ്തേ കളക്ടര്‍. തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് മറുപടി നല്‍കാനും കളക്ടര്‍ സമയം കണ്ടെത്തുന്നത് കലാലയങ്ങളില്‍ വലിയ ആവേശമാണ് പകര്‍ന്നുനല്‍കുന്നത്.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

Scroll to Top