വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി ബാനത്ത് അക്ഷരയാത്ര

ബാനം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബാനം ഗവ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ‘അക്ഷരയാത്ര’ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി. പുസ്തകങ്ങളുടെയും വായനയുടെയും സന്ദേശമുയര്‍ത്തി വിദ്യാര്‍ത്ഥികളും അധ്യാപകരും യാത്രയില്‍ അണിനിരന്നു.
വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാര്‍ഡുകളും പുസ്തകങ്ങളും മുദ്രാവാക്യങ്ങളുമായി കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു. ‘ഒരു പുസ്തകം ഒരു ലോകം’, ‘വായിക്കാം വളരാം’ തുടങ്ങിയ സന്ദേശങ്ങള്‍ യാത്രയെ കൂടുതല്‍ അര്‍ത്ഥവത്താക്കി.
അക്ഷരങ്ങളിലൂടെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന വായനയുടെ മഹത്വം സമൂഹത്തിലേക്ക് എത്തിക്കുകയാണ് അക്ഷരയാത്രയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും പുസ്തകങ്ങളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുന്നതിനും പരിപാടി സഹായകമായി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഭൂപേശ്, പി.ടി.എ വൈസ് പ്രസിഡന്റ് സി.അനൂപ്, എസ്.എം.സി ചെയര്‍മാന്‍ പി.ദിവാകരന്‍, മദര്‍ പി.ടി.എ വൈസ് പ്രസിഡന്റ് സന്ധ്യ ദിനേശന്‍ , വികസനസമിതി വൈസ് ചെയര്‍മാന്‍ പാച്ചേനി കൃഷ്ണന്‍, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി അനിത മേലത്ത്, വിദ്യാരംഗം കോഡിനേറ്റര്‍ അനൂപ് പെരിയല്‍, സ്‌കൂള്‍ ലീഡര്‍ പി.സൗഭാഗ്യ എന്നിവര്‍ നേതൃത്വം നല്‍കി. ‘ബാനം വായിക്കുന്നു’ എന്ന പേരിലാണ് ഇത്തവണത്തെ പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്. വായന ചെയിന്‍ ചലഞ്ച്, ക്വിസ്, കഥതുടരുന്നു, സുഹൃത്തിന് ഒരു കത്ത്, കഥപറയല്‍, പ്രസംഗം, കടങ്കഥപ്പയറ്റ്, കയ്യെഴുത്ത്, അമ്മ വായന, ചിത്രരചന എന്നിവയും പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Scroll to Top