വായനാ മാസാചരണം; ജില്ലാതല ഉദ്ഘാടനം നടന്നു

പി.എന്‍ പണിക്കര്‍ സാമൂഹികരംഗത്ത് വിസ്മയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അതുല്യ പ്രതിഭ; ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കര്‍ കേരളത്തിന്റെ സാമൂഹികരംഗത്ത് വിസ്മയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അതുല്യ പ്രതിഭയായിരുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം. ജില്ലാ ഭരണ സംവിധാനവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന്റെ ഉദ്ഘാടനംചെര്‍ക്കള ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ശിഹാബ് തങ്ങള്‍ സ്മാരക പവലിയനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

1945ല്‍ ഗ്രന്ഥശാല സംഘം പിറവിയെടുക്കുമ്പോള്‍ അറിവിലൂടെ മാത്രമേ നാടിനു വളരാന്‍ പറ്റൂ എന്ന് മനസ്സില്‍ കുറിച്ച് വിജ്ഞാനകേന്ദ്രങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് പി എന്‍ പണിക്കര്‍. ‘വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക ‘എന്ന തത്വത്തില്‍ ഊന്നി സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ജീവിതത്തിന്റെ ഭാഗമായി മാറേണ്ട ഘടകമാണ് വായനയെന്നും പാഠ്യപദ്ധതികളോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ മിടുക്കരാവണമെന്നും സംസാരശൈലിയും ആശയവിനിമയവും മെച്ചപ്പെടുത്താന്‍ വായന ഏറെ സഹായിക്കുമെന്നും വായനാദിന സന്ദേശം നല്‍കിയ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ചടങ്ങില്‍ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് അധ്യക്ഷതവഹിച്ചു
.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള വിശിഷ്ടാതിഥിയായി.

ചടങ്ങില്‍ ‘ഒരു ടീച്ചര്‍ ഒരു പുസ്തകം’എന്ന പരിപാടിയിലൂടെ സമാഹരിച്ച പുസ്തകങ്ങള്‍ ജില്ലാകളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ചേര്‍ന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു . ചെര്‍ക്കള സ്‌കൂളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നുവരുന്ന മെഗാ ക്വിസ്സിന്റെ ഈ വര്‍ഷത്തെ വായനാദിനത്തോടനുബന്ധിച്ച ലോഗോ ‘വിജ്ഞാന ജാലകം 2026- 27 ‘ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ ലൈബ്രറിക്ക് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കിയ പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഹെഡ്മിസ്ട്രസിന് കൈമാറി.

ഡോ. സന്തോഷ് പനയാല്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി ജയരാജന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.വി സുബൈദ വായനാദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ജസ്‌ന മനാഫ്, ചെങ്കള പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷുക്കൂര്‍ ചെര്‍ക്കളം, വാര്‍ഡ് മെമ്പര്‍ സാഹിറ മജീദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.വി രാജേഷ്, എസ്എം.സി വൈസ് ചെയര്‍മാന്‍ കബീര്‍ ചെര്‍ക്കള, പി.ടി.ഐ പ്രസിഡന്റ് മുനീര്‍ പി.ചെര്‍ക്കള, എം.പി.ടി.ഐ പ്രസിഡന്റ് സെമീറ അബ്ബാസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി സുകുമാരന്‍, അധ്യാപകന്‍ സമീര്‍ തെക്കില്‍, അധ്യാപക രക്ഷാകര്‍തൃ സമിതി പ്രതിനിധികള്‍, മദര്‍ പിടി എ ഭാരവാഹികള്‍, ഐപിആര്‍ഡി ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന നന്ദിയും പറഞ്ഞു. പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19നാണ് കേരളത്തില്‍ വായനാദിനം ആചരിക്കുന്നത്.

Scroll to Top