ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 28ന്

പിന്നോക്ക മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ:ജില്ലാ കളക്ടര്‍

ജില്ലയില്‍ 103001കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കും

ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലയില്‍
ജൂണ്‍ 28ന് നടക്കും. പട്ടികവര്‍ഗ്ഗ മേഖലയില്‍ പെട്ട കുട്ടികള്‍ക്കും അതിഥി തൊഴിലാളികളുടെ മക്കള്‍ക്കും പള്‍സ് പോളിയോ വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കണം എന്ന് ജില്ലാ കളക്ടര്‍. ദേശീയപള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറില്‍ നടന്ന വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. അഞ്ച് വയസ്സില്‍ താഴെയുള്ള103001 കുട്ടികള്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കുക. ജില്ലയിലെ വിവിധ പി.എച്ച്‌സി കളിലാണ് വാക്‌സിന്‍ സൂക്ഷിക്കുക.

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പോളിയോ ബൂത്തുകളില്‍ എത്തിക്കുന്നതിന് പൊലിസിനും തൊഴില്‍ വകുപ്പിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അഞ്ചില്‍ താഴെയുള്ള103001 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ജില്ലയില്‍ 1272 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മൊബൈല്‍ ബൂത്തുകള്‍, പ്രത്യേകമായി സജ്ജീകരിച്ച മറ്റു ബൂത്തുകള്‍ അടക്കമാണ് 1272 ബൂത്തുകള്‍. എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ വാക്‌സിന്‍ ലഭ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ആളുകള്‍ക്ക് എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി മൊബൈല്‍ ടീമുകളും ഒരുക്കിയിട്ടുണ്ട്. പള്‍സ് പോളിയോ ദിനത്തില്‍ അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള പള്‍സ് പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നല്‍കാം.

യോഗത്തില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രതിനിധി ബേസില്‍ വര്‍ഗീസ്, ഡി.ഡി.ഇ ടി.ഷൈല, ജില്ല വുമണ്‍സെല്‍ എ.എസ്.ഐ മാരായ ബി. സുപ്രഭ, എ.എം സരള, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി രാജ്, കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കെ.മധുസൂദനന്‍, ഐ.സി.ഡി.എസ്, കെ.എസ.്ഇ.ബി, കുടുംബശ്രീ പ്രതിനിധികള്‍ പങ്കെടുത്തു.

Scroll to Top