ഭിന്ന വിശ്വാസത്തിന്റെ പേരില്‍ അടിച്ചമര്‍ത്തല്‍ പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല;സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ചട്ടഞ്ചാല്‍: വിശ്വാസപരമായ വൈവിധ്യവും വൈജാത്യവും അകല്‍ച്ചയിലേക്കും പരസ്പര ഭിന്നതയിലേക്കും നയിക്കരുതെന്നും വേഷവും ആദര്‍ശവും നോക്കി അകറ്റാനും അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ചട്ടഞ്ചാല്‍ മലബാര്‍ ഇസ് ലാമിക് കോംപ്ലക്‌സ് ക്യാമ്പസിലെ ആര്‍ട്‌സ് കോളേജിന്റെ നവീകരിച്ച അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.

എം ഐ സി പ്രസിഡന്റും സമസ്ത അധ്യക്ഷനുമായ സയ്യിദുല്‍ ഉലമാ ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിദ്യയിലൂടെ ശക്തി നേടുകയും തഖ് വയിലൂടെ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തുകയും വേണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജിഫ്രി തങ്ങള്‍ ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ആമുഖ ഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി.

നവീകരിച്ച ആര്‍ട്‌സ് കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മവും പുതുതായി സംവിധാനിച്ച അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനവും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. ഈയിടെ അന്തരിച്ച, എം ഐ സി യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന യു എം അബ്ദുര്‍ റഹ്‌മാന്‍ മുസ്ലിയാരുടെ പേരിലുള്ള ഓഡിറ്റോറിയത്തിന്റെ തറക്കല്ലിടല്‍ കര്‍മം സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു.

എം ഐ സി ക്ക് സ്ഥിരമായി വരിസംഖ്യ നല്‍കുന്ന പതിനായിരം മെമ്പര്‍മാര്‍ക്കുളള ഡിജിറ്റല്‍ ഫോളോ അപ്പ് അപ്ലിക്കേഷന്റെ ലോഞ്ചിംഗ് കര്‍മം സ്പീഡ് വേ അബ്ദുല്ലക്കുഞ്ഞി ഹാജി നിര്‍വഹിച്ചു. ചടങ്ങില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് എംഎല്‍എമാരെ ജിഫ്രി മുത്തുകോയ തങ്ങളും സാദിഖലി തങ്ങളും സംയുക്തമായി ആദരിച്ചു.

നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് എം ഐ സി യുടെ സ്ഥലത്ത് പുതുതായി നിര്‍മിക്കാന്‍ പോകുന്ന മള്‍ട്ടിപര്‍പ്പസ് ടൗണ്‍ഷിപ്പിന്റെ പ്രഖ്യാപനം ജിഫ്രി തങ്ങള്‍ നടത്തി. നാല് ഏക്കര്‍ സ്ഥലത്ത് ഉന്നത നിലവാരത്തിലുള്ള പെട്രോള്‍ പമ്പ്, സര്‍വീസ് സ്റ്റേഷന്‍, ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റ്,സൂപ്പര്‍ മാര്‍ക്കറ്റ്, ഹോട്ടല്‍ ലോഡ്ജ്, മലബാര്‍ ഹെരിറ്റേജ് മ്യൂസിയം തുടങ്ങിയ പദ്ധതികളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

എം ഐ സി അര്‍ശദുല്‍ ഉലൂമില്‍ നിന്ന് അര്‍ശദി ബിരുദം നേടിയ ശേഷം കണ്ണുര്‍ യൂനിവേഴ്‌സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയ മുനവ്വിര്‍ കല്ലൂരാവിയെ തങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു. കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ, എ കെ എം അശ്‌റഫ് എംഎല്‍എ, നീലകണ്ഠന്‍ എം എല്‍ എ, ബേര്‍ക്ക അബ്ദുല്ല ഹാജി, മുന്‍ മന്ത്രി സി ടി അഹ്‌മദലി, ഖത്തര്‍ അബ്ദുല്ല ഹാജി, നെക്കര അബൂബക്കര്‍ ഹാജി, മല്ലം സുലൈമാന്‍ ഹാജി, ചെങ്കളം അബ്ദുല്ല ഫൈസി, മൊയ്തു മൗലവി പുഞ്ചാവി, സിദ്ദീഖ് നദ് വി ചേരൂര്‍, ജലീല്‍ കടവത്ത്, ടി ഡി കബീര്‍, ഇ അബൂബക്കര്‍ ഹാജി, എ ഹമീദ് ഹാജി, ബശീര്‍ വെളളിക്കോത്ത്, സയ്യിദ് ഹാദി തങ്ങള്‍, അഡ്വ. ഹനീഫ് ഹുദവി, ഉസ്മാന്‍ ഫൈസി മാണിക്കോത്ത്, ചേരൂര്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഇ അബ്ബാസ് ഫൈസി, സി എച്ച് ഖാലിദ് ഫൈസി, പി എസ് ഇബ്‌റാഹീം ഫൈസി, ഡോ. ബാസിം ഗസ്സാലി, ബ്ലോക് പഞ്ചായത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള തുടങ്ങി നിരവധി പ്രശസ്ത വ്യക്തികളും പൗരപ്രമുഖരും സംബന്ധിച്ചു.

Scroll to Top