ജില്ലയില്‍ ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഭാരത് സെന്‍സസ് 2027 ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുമ്പോള്‍ ജില്ലാ പോലീസ് മേധാവി പി നിധിന്‍രാജ് ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിച്ച് സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ലാപ്‌ടോപ്പില്‍ 34 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാണ് ജില്ലാ പോലീസ് മേധാവി സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് പതിനൊന്നക്ക സെല്‍ഫ് എന്യുമറേഷന്‍ ഐഡിയും ലഭിച്ചു.
എ.ഡി.എം പി.ഉദയകുമാര്‍, കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് കെ. രമേശന്‍, സെന്‍സസ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് കെ.ജഗദീശ, സെന്‍സസ് വിഭാഗം ക്ലര്‍ക്ക് പി.രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ എത്തി സെല്‍ഫ് എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംഘം ജില്ലാ പോലീസ് മേധാവിക്ക് സെന്‍സസ് ഫ്‌ലോചാര്‍ട്ട് നല്‍കി. പൊലീസും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പടെ എല്ലാവരും കൃത്യമായി സ്വയം വിവരങ്ങള്‍ നല്‍കി സെല്‍ഫ് എന്യുമറേഷന്‍ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി സെല്‍ഫ് എന്യുമറേഷന്‍ നടത്തി ഡിജിറ്റലായി സെന്‍സസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കി . മൊബൈല്‍ ഫോണില്‍ സെല്‍ഫ് എന്യുമറേഷനുമായി ബന്ധപ്പെട്ട 34 വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കിയാണ് മഠാധിപതി സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയാക്കിയത്.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം വ്യാപിപ്പിക്കുകയും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി എ ഡി എം പി.ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് എടനീര്‍ മഠത്തില്‍ എത്തിയത്. ഉദ്യോഗസ്ഥര്‍ സെല്‍ഫ് എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കി. ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സെന്‍സസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ ടി.രാജ്കുമാര്‍ സെന്‍സസ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് കെ ജഗദീശ, ഇലക്ഷന്‍ വിഭാഗം ക്ലര്‍ക്ക് പി രാകേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞതവണയില്‍ നിന്ന് വ്യത്യസ്തമായി കുടുംബങ്ങള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കുന്ന സെല്‍ഫ് എന്യുമറേഷന്‍ സംവിധാനം ഇത്തവണ സെന്‍സസിന്റെ പ്രത്യേകതയാണ്. ആദ്യഘട്ടത്തില്‍ സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ ജില്ലയില്‍ 16ന് ആരംഭിച്ചു,30ന് സമാപിക്കും. അതിനുശേഷം ജൂലൈ യില്‍ എന്യുമറേറ്റര്‍മാര്‍ വീട്ടിലെത്തി ഓണ്‍ലൈനായി സമര്‍പ്പിച്ച ഉത്തരങ്ങള്‍ പരിശോധിച്ച് വിവരശേഖരണം നടത്തും. 34 ചോദ്യങ്ങളാകും എന്യുമറേഷന്‍ ഫോമില്‍ പൂരിപ്പിച്ചു കൊടുക്കാന്‍ ഉണ്ടാക്കുക. ഇംഗ്ലീഷ് ഉള്‍പ്പെടെ 16 ഭാഷകളില്‍ വിവരങ്ങള്‍ നല്‍കാം.




