തദ്ദേശ ഭരണവും കുടുംബശ്രീയും കൈകോര്‍ക്കുന്നു; ജനപ്രതിനിധികള്‍ക്കായി ശില്പശാല

കാഞ്ഞങ്ങാട് :പുതിയ ജനപ്രതിനിധികളും ഭാരവാഹികളും ചുമതലയേറ്റ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ത്രിതല സംവിധാനവും തമ്മിലുള്ള ഏകോപനം ശക്തമാക്കാന്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്കും സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ക്കുമായി സംഘടിപ്പിച്ച ജില്ലാതല ശില്പശാല കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍ഗോഡ് നടപ്പിലാക്കുന്ന പദ്ധതികളായ അമ്മ ടീച്ചര്‍, ശ്രീഭവനം, ആത്മഹത്യയ്‌ക്കെതിരെ സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പയിന്‍ എന്നിവയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് ശില്പ ശാലയില്‍ ആവിശ്യപെട്ടു.

കേരളത്തിലെ സ്ത്രീശാക്തീകരണ രംഗത്തും പ്രാദേശിക സാമ്പത്തിക വികസനത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കേവലമൊരു സ്ത്രീശാക്തീകരണ പ്രസ്ഥാനം എന്നതിനപ്പുറം തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ കരുത്തുറ്റ ചാലകശക്തിയായി മാറാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രാദേശിക സാമ്പത്തിക വികസനവും ദാരിദ്ര്യ ലഘൂകരണവും സാധ്യമാകൂ എന്ന തിരിച്ചറിവിലാണ് ഇരു സംവിധാനങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. കുടുംബശ്രീയുടെ നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു ഏകദിന ശില്പശാലയുടെ പ്രധാന ലക്ഷ്യം.

കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ ഡോ. സി. സി. നിഷാദ്, എം. പ്രഭാകരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീന കുമാരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദു എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ. എം. കിഷോര്‍ കുമാര്‍ നന്ദിയും പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെയും കുടുംബശ്രീയിലെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിരവധി പ്രതിനിധികളും ജനപ്രതിനിധികളും ശില്പശാലയുടെ ഭാഗമായി.

Scroll to Top