മന്ത്രി കെ. എം. ഷാജിക്കെതിരെ വാട്‌സ്ആപ്പില്‍ അപകീര്‍ത്തി പ്രചരണം

അഷ്റഫ് കര്‍ള ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

?കാസര്‍ഗോഡ്: കേരള സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിക്കെതിരെ സമൂഹമാധ്യമമായ വാട്‌സ്ആപ്പ് വഴി അധിക്ഷേപകരവും അപകീര്‍ത്തികരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പരാതി നല്‍കി.

കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഷ്റഫ് കര്‍ളയാണ് പരാതി സമര്‍പ്പിച്ചത്.
?വാട്‌സ്ആപ്പിലെ ‘കുമ്പള-അഴിമതിവിരുദ്ധ…’ എന്ന് തുടങ്ങുന്ന ഗ്രൂപ്പില്‍ ഒരു പ്രത്യേക പ്രൊഫൈലില്‍ നിന്നും മന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കുറിപ്പുകളും അശ്ലീലച്ചുവയുള്ള വോയിസ് സന്ദേശങ്ങളും പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

?ഒരു വ്യക്തിയുടെ അന്തസ്സിനെ കെടുത്തുന്ന തരത്തിലുള്ള നീചമായ പ്രചരണങ്ങള്‍ നടത്തുന്നതിനൊപ്പം സമൂഹത്തില്‍ പരസ്പര വിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുവാനും, വര്‍ഗീയ ധ്രുവീകരണത്തിലൂടെ ക്രമസമാധാന നില തകര്‍ക്കാനും ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നില്‍ നടന്നിട്ടുള്ളതെന്ന് അഷ്റഫ് കര്‍ള പറഞ്ഞു.

?സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച സന്ദേശം ഗ്രൂപ്പിലിട്ട വ്യക്തിക്കെതിരെയും, ഇത്തരത്തിലുള്ള നിയമവിരുദ്ധവും വിദ്വേഷഭരിതവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവാദം നല്‍കിയ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും സൈബര്‍ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും കര്‍ശനമായ അന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

?പരാതി നല്‍കുന്ന സമയത്ത് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. വി. ജെയിംസ്, പൊതുപ്രവര്‍ത്തകന്‍ കെ. വി. യൂസഫ് എന്നിവരും അഷ്റഫ് കര്‍ളയോടൊപ്പം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളും വോയിസ് ക്ലിപ്പുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

Scroll to Top