കുമ്പള സ്‌കൂള്‍ റോഡിലെ മൈതാന ചുറ്റു മതില്‍ ഇടിഞ്ഞു വീഴുന്നു,അപകട സാധ്യത ഏറെ.

കുമ്പള.അപകടം സംഭവിച്ചതിന് ശേഷം നടപടി സ്വീകരിക്കുന്ന ഭരണസംവിധാനമാണ് ജില്ലയിലുള്ളത്. നടന്നിട്ടുള്ള എല്ലാ അപകടങ്ങളും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതുമാണ്. മഴക്കാലത്തിനു മുമ്പ് പരിശോധിക്കേണ്ടതും, നടപടി സ്വീകരിക്കേണ്ടതുമായ ഒന്നിനും പരിഹാരമില്ല.

മഴക്കാലം ആരംഭിച്ചത് മുതല്‍ കുമ്പള സ്‌കൂള്‍ റോഡിലേക്ക് സ്‌കൂള്‍ മൈതാനത്തെ കാലപ്പഴക്കം ചെന്ന ചുറ്റുമതില്‍ ഇടിഞ്ഞു വീഴുന്നത് പതിവാണ്.ഒരു ഭാഗം മഴയുടെ തുടക്കത്തില്‍ തന്നെ ഇടിഞ്ഞുവീണു. ഇന്നിപ്പോള്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാന്‍ പാകത്തിലാണ് ചുറ്റുമതില്‍ ഉള്ളത്. ശക്തമായ മഴക്കാലം വരാനിരിക്കുന്നതേയുള്ളൂ.

നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മത്സ്യത്തൊഴിലാളികള്‍,നാട്ടുകാര്‍, സമീപപ്രദേശത്തെ വ്യാപാരികള്‍ എല്ലാവരും നടന്നു പോകുന്ന സ്‌കൂള്‍ റോഡിലാണ് ഈ അപകട ഭീഷണി നിലനില്‍ക്കുന്നത്.കാര്‍ അടക്കമുള്ള നിരവധി വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിര്‍ത്തിയിടുന്നതും ഇവിടെ തന്നെയാണ്.വലിയ അപകട ഭീഷണി നിലനില്‍ക്കുമ്പോഴും തൊട്ടടുത്ത നില്‍ക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തില്‍ നിന്നോ,ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗത്തുനിന്നോ സന്ദര്‍ശനമോ, പരിശോധനയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടത്തിന് കാത്തു നില്‍ക്കാതെ റോഡിലേക്ക് വീഴാന്‍ പാകത്തില്‍ ചാഞ്ഞു കിടക്കുന്ന സ്‌കൂള്‍ മൈതാനത്തിന്റെ ചുറ്റുമതില്‍ മുഴുവനായും പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും, മത്സ്യത്തൊഴിലാളികളും, വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.

ഫോട്ടോ:കുമ്പള സ്‌കൂള്‍ റോഡില്‍ തകര്‍ന്നു വീഴാറായി കിടക്കുന്ന മൈതാനത്തിന്റെ ചുറ്റുമതില്‍.

Scroll to Top