വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് കൂട്ടാകാന്‍ പദ്ധതിയുമായി എം.എസ്.എഫ്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന വിഷാദവും ആത്മഹത്യ പ്രവണതയും പഠനവിധേയമാക്കി വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് കൂട്ടായി എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വ്വഹിച്ചു.

സമകാലിക സാമൂഹ്യ ചുറ്റുപാടില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടി വരുന്ന അനവധി പ്രതിസന്ധികളെ സമ്മര്‍ദ്ദങ്ങളില്ലാതെ നേരിടാനും, കടന്നുപോകുന്ന ആത്മസംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കുന്ന രൂപത്തില്‍ അവരുടെ കേള്‍വിക്കാരായി നിലകൊള്ളാനുമുതകുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പഠന മേഖലയിലെ മത്സരാധിഷ്ഠിത പ്രവണത നല്‍കുന്ന സമ്മര്‍ദ്ദങ്ങള്‍, ലഹരി ആസക്തി മൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍, പ്രണയ-സൗഹൃദ നൈരാശ്യങ്ങളെ തുടര്‍ന്നുണ്ടാകുന്ന ഏകാന്തത, കുടുംബ പ്രശ്‌നങ്ങള്‍, ബോഡി ഷെയ്മിംഗ്, ഫിയര്‍ ഓഫ് മിസ്സിംഗ് ഔട്ട് എന്നിങ്ങനെ സമീപ കാലത്ത് വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവര്‍ക്കൊപ്പം നിലകൊള്ളുന്ന പ്രത്യേക സംഘത്തെ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ രൂപീകരണ വേളയില്‍ ജില്ലാ പോലീസ് മേധാവിയെ നേരില്‍ കണ്ട് വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണത അന്വേഷണ വിധേയമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എം.എല്‍.എ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, ട്രഷറര്‍ സര്‍ഫ്രാസ് ബന്തിയോട്, ഭാരവാഹികളായ ഷഹീദ റാഷിദ് കുണിയ, ജംഷീര്‍ മൊഗ്രാല്‍, അയാസ് നമ്പ്യാര്‍കൊച്ചി, മുനവ്വിര്‍ കല്ലൂരാവി, സയ്യിദ് താഹ ചേരൂര്‍, സവാദ് അംഗഡിമൊഗര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Scroll to Top