നടക്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും പ്രയോജനം പരമാവധി കായികപ്രേമികള്‍ക്കും കായികതാരങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി സ്റ്റേഡിയങ്ങള്‍ ഉടന്‍ തുറന്നു കൊടുക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. തൃക്കരിപ്പൂര്‍ നടക്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയവും ഫുട്‌ബോള്‍ സ്റ്റേഡിയവും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക വകുപ്പും ഗ്രാമപഞ്ചായത്തും ഉള്‍പ്പെടെയുള്ള മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും, കായികതാരങ്ങള്‍ക്ക് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിനാണ് ഭരണകൂടം പ്രധാന പരിഗണന നല്‍കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
തൃക്കരിപ്പൂരിലെ സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച വിഷയം ജില്ലാ വികസന സമിതി (ഡി.ഡി.സി) യോഗത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കളക്ടറുടെ സന്ദര്‍ശനവും തുടര്‍നടപടികളും.
സ്റ്റേഡിയം സന്ദര്‍ശനത്തോടനുബന്ധിച്ച് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിതാ സഫറുള്ള, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, പഞ്ചായത്ത് മെമ്പര്‍ ഫായിസ് യു. പി എന്നിവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
നടക്കാവിലെ സ്റ്റേഡിയങ്ങള്‍ കായികപ്രേമികള്‍ക്കായി ഉടന്‍ തുറന്നു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും:ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍




