പ്രവേശനം മൂവ്വായിരം പേര്‍ക്ക്, പങ്കെടുത്തത് പതിനായിരമെന്ന് എഫ്ഐആര്‍; ഹനാന്‍ ഷായുടെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് ഗായകനും വ്ലോഗറുമായ ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്.

കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു. നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. തിക്കും തിരക്കും കാരണം പൊലീസ് പരിപാടി നിര്‍ത്തിവെപ്പിച്ചു. ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തിയാണ് പരിപാടി നിര്‍ത്തി വെപ്പിച്ചത്. ആളുകളെ പിച്ച വിടാന്‍ പൊലീസ് ലാത്തി വീശി. തിക്കിലും തിരക്കിലുംപെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Scroll to Top