‘നമസ്‌തേ കളക്ടര്‍’ പരിപാടിയില്‍ ഉദിനൂര്‍ ജി എച്ച് എസ് എസ്സിലെ കുട്ടികള്‍

സ്‌കൂള്‍ ഗ്രൗണ്ടില്‍ വെള്ളം കയറുന്നുവെന്ന് കളക്ടറോട് കുട്ടികള്‍: ഗ്രൗണ്ടിന്റെ സ്ഥിതി പഠിച്ച് നടപടി സ്വീകരിക്കാന്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരളയെ ചുമതലപ്പെടുത്തുമെന്ന് കളക്ടര്‍

കായിക പരിശീലനത്തിന് ഉള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ മഴ പെയ്താല്‍ വെള്ള കെട്ടുണ്ടാകുന്നുവെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് ഉദിനൂര്‍ ജി എച്ച് എസ് എസ്സിലെ കുട്ടികള്‍.നമസ്‌തേ കളക്ടര്‍ പരിപാടിയില്‍ ജില്ലാ കളക്ടറോട് സംവദിക്കവേയാണ് കുട്ടികള്‍ ഇക്കാര്യം പറഞ്ഞത്. മൈതാനത്തില്‍ ഡ്രൈനേജ് സംവിധാനം ഏര്‍പ്പെടുത്തി, നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരളയെ ചുമതലപ്പെടുത്താമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. ചൈന കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ സ്‌കൂള്‍ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ഉദിനൂര്‍ ജി എച്ച് എസ് എസ്സില്‍ സൈക്കിള്‍ വെക്കാന്‍ ഷെഡ് നിര്‍മ്മിച്ചു നല്‍കാമോ എന്നും കുട്ടികള്‍ കളക്ടറോട് ചോദിച്ചു.ഗ്രൗണ്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന പഞ്ചായത്തിന്റെ സ്ഥലം അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചു നല്‍കാമെന്ന് കളക്ടര്‍ പറഞ്ഞു. പണിതീരാത്ത സ്‌കൂള്‍ കെട്ടിടത്തിന്റെ നിലവിലെ സ്ഥിതിയും അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു .

ഹൈസ്‌കൂള്‍ കുട്ടികളാണ് ഇത്തവണ നമസ്‌തേകളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്.അതുകൊണ്ടുതന്നെ ചോദ്യങ്ങളില്‍ പലതും അല്‍പ്പം ഗൗരവ സ്വഭാവമുള്ളതായിരുന്നു.
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ വികസനം നടപ്പിലാക്കാം, ലഹരിയില്‍ നിന്നും യുവതലമുറയെ മുക്തമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് എന്തൊക്കെ ചെയ്യാനാകും,
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം നിലനില്‍ക്കുന്ന കാസര്‍കോട്ട് രാസ കീടനാശിനികളുടെ നിയന്ത്രണം എങ്ങനെ നടപ്പിലാക്കി വരുന്നു, എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ കുട്ടികള്‍ ചോദിച്ചു.തൃശ്ശൂര്‍ കളക്ടറായിരിക്കെ കാസര്‍കോട്ടേക്ക് ട്രാന്‍സ്ഫര്‍ എന്ന് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നതെന്തെന്ന സരസമായ ചോദ്യങ്ങളും വന്നു.

കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ജില്ലാ കളക്ടറുടെ പദവിയെന്നും കളക്ടര്‍ തങ്ങളെ ഏറെ പ്രചോദിപ്പിക്കുന്നതും കുട്ടികള്‍ പറഞ്ഞു.

കാസര്‍കോട് വളരെ വ്യത്യസ്തതയുള്ള നാടാണെന്നും സംസ്‌കാരത്തിലും ഭാഷയിലും ഉള്ള വൈവിധ്യം ഏറെ ഇഷ്ടമാണെന്നും പറഞ്ഞ കളക്ടര്‍ കാസര്‍കോട് വികസന സാധ്യതയുള്ള നാടാണെന്നും എന്നാല്‍ വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ കുട്ടികളെല്ലാം പഠിച്ചു മിടുക്കരായി ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ ജീവിതം ആസ്വദിക്കാനും കലാകായിക വാസനകള്‍ മെച്ചപ്പെടുത്താനും കളക്ടര്‍ കുട്ടികളെ ഉപദേശിച്ചു. കളക്ടര്‍ ആകണമെന്ന ആഗ്രഹം പങ്കുവെച്ച കുട്ടികളോട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ലക്ഷ്യം നേടാനുള്ള കഴിവ് എല്ലാവരുടെയും ഉള്ളില്‍ ഉണ്ടെന്നും സമയം ആകുമ്പോള്‍ കഠിനാധ്വാനത്തോടൊപ്പം ഇതൊക്കെ ഫലപ്തിയില്‍ എത്തുമെന്നും പറഞ്ഞു.

ഉദിനൂര്‍ ജി എച്ച് എസ് എസ്സിലെ എട്ട്, ഒന്‍പത്,10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളും രണ്ട് അധ്യാപകരും ആണ് നമസ്‌തേ കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്.

വിദ്യാര്‍ത്ഥികളും ജില്ലാ സംവിധാനവും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയാണ് ‘നമസ്‌തേ കളക്ടര്‍’. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

Scroll to Top