മകരവിളക്ക് ഒരുക്കങ്ങള്‍
ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദര്‍ശനത്തിനു ശേഷം തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിക്കുന്നത്.
തിരുവനന്തപുരം : വരാനിരിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രാ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി കെഎസ്ആര്‍ടിസി. മകരവിളക്ക് തീര്‍ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആര്‍.ടി.സി നടത്തിയിട്ടുള്ളതെന്നും അറിയിച്ചു.
മടക്ക യാത്രയ്ക്ക് കെഎസ്ആര്‍ടിസി പമ്പയില്‍ 800 ബസുകള്‍ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദര്‍ശനത്തിനു ശേഷം തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിക്കുന്നത്. പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് പമ്പയില്‍ നിന്നുള്ള ദീര്‍ഘദൂരസര്‍വ്വീസുകള്‍ പാര്‍ക്കിംഗ് സര്‍ക്കുലര്‍ സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടെ 245 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമിളി ,കൊട്ടാരക്കര , പുനലൂര്‍ , എറണാകുളം അടക്കം വിവിധ സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നായി 228 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 400 ബസുകള്‍ കൂടി പ്രത്യേക സര്‍വ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
തെക്കന്‍ മേഖലയില്‍ നിന്നുളള ബസുകള്‍ ഞായര്‍ – തിങ്കള്‍ ദിവസങ്ങളിലെ സര്‍വീസില്‍ ഉള്‍പ്പെടുത്തി സര്‍വീസ് ആയി 13ന് (തിങ്കള്‍) വൈകിട്ട് /രാത്രി പത്തനംതിട്ടയിലും മധ്യ, വടക്കന്‍ മേഖലയില്‍ നിന്നുള്ളവ സര്‍വീസ് നടത്തിയ ശേഷം 13ന് (തിങ്കള്‍) രാത്രി കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തിച്ചേരും. ഇവ രാവിലെ 10 മണിക്ക് മുന്‍പായി പമ്പയില്‍ റിപ്പോര്‍ട്ട് ചെയ്ത് കൃത്യമായ നിര്‍ദ്ദേശം അനുസരിച്ച് പാര്‍ക്ക് ചെയ്യും. നിലവില്‍ സ്‌പെഷ്യല്‍ സെന്ററില്‍ അടക്കം പൂള്‍ ചെയ്ത ബസ്സുകള്‍ ഏതാണ്ട് ഉച്ചയോടെ പമ്പയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുമെന്നും അറിയിപ്പിലുണ്ട്.
പോലീസ് നിര്‍ദ്ദേശ പ്രകാരം തിരക്ക് അനുസരിച്ചും ട്രാഫിക് തടസം ഇല്ലാതെയും നിയന്ത്രിതമായി മാത്രമേ പമ്പയില്‍ നിന്നും നിലക്കലില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകളും ചെയിന്‍ സര്‍വിസുകളും മകരവിളക്ക് ദിവസം മകരജ്യോതിക്ക് മുന്‍പ് ഓപ്പറേറ്റ് ചെയ്യുകയുള്ളൂ. പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനുള്ള ബസുകള്‍ പമ്പ ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ട് മുതല്‍ 21 കിലോമീറ്റര്‍ അകലെ നിലയ്ക്കല്‍ വരെ റോഡിന്റെ ഒരു വശത്ത് ട്രാഫിക് തടസമില്ലാതെ കൃത്യതയോടെ നിരയായി പാര്‍ക്ക് ചെയ്യും.
പമ്പ-നിലയ്ക്കല്‍ ചെയിനുകള്‍ ത്രിവേണി പെട്രോള്‍ പമ്പ്, ദീര്‍ഘദൂര ബസുകള്‍ പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്. മകരജ്യോതി തെളിഞ്ഞാല്‍ ഉടന്‍ ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിന്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ ദീര്‍ഘദൂര സര്‍വ്വീസുകളും അയക്കുന്നതാണെന്നും കെഎസ്ആര്‍ടിസി.
ഇതിന് ശേഷം തിരക്ക് നിയന്ത്രണ വിധേയമായി എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പോലിസിന്റെ വ്യക്തമായ നിര്‍ദ്ദേശ പ്രകാരം പാര്‍ക്ക് ചെയ്തിരിക്കുന്ന ചെറു വാഹനങ്ങള്‍ പമ്പയില്‍ നിന്നും കടത്തി വിടുകയുള്ളൂ. ഇത് ട്രാഫിക് തടസമില്ലാതെ ചെയിന്‍ , ദീര്‍ഘദൂര സര്‍വീസുകളുടെ ഇരുവശത്തേക്കുമുള്ള രണ്ട് നിരയായുള്ള കൃത്യമായ സര്‍വിസ് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ ഭക്തജന ലക്ഷങ്ങളെ സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാന്‍ പര്യപ്തമാക്കും.
ഇത്തരത്തില്‍ എല്ലാ ക്രമീകരണങ്ങളും പോലീസ് , ദേവസ്വം വകുപ്പുകളുമായി ചേര്‍ന്ന് സജ്ജീകരിച്ച് പദ്ധതികള്‍ കൃത്യമായി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ഏവരുടേയും സഹായ സഹകരിക്കണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ഭക്തിസാന്ദ്രമായ മകരവിളക്ക് മഹോത്സവം വന്‍ വിജയമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച വിവരം അറിയിക്കുകയും ചെയ്യുന്നുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു