ലോകത്തെ മാറ്റിമറിച്ച ഒരൊറ്റ സിദ്ധാന്തം ; 166 വര്‍ഷം മുന്‍പ് സംഭവിച്ചത്

ഡാര്‍വിന്റെ ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസ്’ ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ ഓര്‍മ്മകളിലൂടെ…

ജീവലോകത്തെക്കുറിച്ചുള്ള മനുഷ്യന്റെ സങ്കല്‍പ്പങ്ങളെ തലകീഴായി മറിച്ചുകൊണ്ട്, ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ വിഖ്യാത ഗ്രന്ഥം ‘ ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസ്'( On the origin of species)പ്രസിദ്ധീകരിച്ചിട്ട് ഇന്ന് 166 വര്‍ഷം തികയുന്നു. 1859 നവംബര്‍ 24-ന് പുറത്തിറങ്ങിയ ഈ പുസ്തകം, പ്രകൃതിനിര്‍ദ്ധാരണത്തിലൂടെയുള്ള പരിണാമ സിദ്ധാന്തം (Theory of Evolution by Natural Selection) എന്ന ആശയത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചു. ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഈ സംഭവം, ജീവശാസ്ത്രത്തിന്റെ അടിസ്ഥാനശിലയായി ഇന്നും നിലകൊള്ളുന്നു.

ഒരു കപ്പല്‍ യാത്രയില്‍ പിറന്ന സിദ്ധാന്തം

ഈ സിദ്ധാന്തത്തിന് രൂപം നല്‍കിയത് ഡാര്‍വിന്‍ എച്ച്എംഎസ് ബീഗിള്‍ എന്ന കപ്പലില്‍ നടത്തിയ അഞ്ചുവര്‍ഷത്തെ (1831-1836) ലോക സഞ്ചാരമാണ്. യാത്രയ്ക്കിടെ, പ്രത്യേകിച്ച് ഗാലപ്പഗോസ് ദ്വീപുകളില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, ജീവിവര്‍ഗ്ഗങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ അസാധാരണമായ പൊരുത്തപ്പെടുത്തലിനെക്കുറിച്ചുമുള്ള പുതിയ ചിന്തകള്‍ക്ക് വഴിതുറന്നു. മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഒരു പൊതുപൂര്‍വ്വികന്‍ (Common Ancestor) ഉണ്ടെന്നും, അതില്‍നിന്ന് പരിസ്ഥിതിക്ക് അനുയോജ്യമായ മാറ്റങ്ങള്‍ സംഭവിച്ചവ മാത്രം അതിജീവിച്ച് (Survival of the Fittest) പുതിയ സ്പീഷീസുകളായി രൂപപ്പെടുന്നുവെന്നുമാണ് ഡാര്‍വിന്‍ സമര്‍ഥിച്ചത്. ഇതിനെയാണ് അദ്ദേഹം പ്രകൃതിനിര്‍ദ്ധാരണം (Natural Selection) എന്ന് വിളിച്ചത്.

വിവാദങ്ങളുടെ കൊടുങ്കാറ്റ്
‘ഒറിജിന്‍ ഓഫ് സ്പീഷീസ്’ പ്രസിദ്ധീകരിച്ചതിന് ശേഷം ശാസ്ത്രലോകത്തും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്ക് ഇത് തിരികൊളുത്തി. അക്കാലത്ത് നിലനിന്നിരുന്ന സൃഷ്ടിവാദപരമായ വിശ്വാസങ്ങള്‍ക്ക് ഇത് വിരുദ്ധമായിരുന്നു. മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചുള്ള മതപരമായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത ഡാര്‍വിന്‍, യാഥാസ്ഥിതിക സമൂഹത്തില്‍നിന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. എന്നാല്‍, കാലക്രമേണ, ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തം സ്വീകരിക്കപ്പെടുകയും ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയായി മാറുകയും ചെയ്തു.

ഇന്നും പ്രസക്തം
166 വര്‍ഷങ്ങള്‍ക്കിപ്പുറവും പരിണാമ സിദ്ധാന്തം ശാസ്ത്ര പഠനങ്ങളുടെ പ്രധാന കേന്ദ്രബിന്ദുവായി തുടരുന്നു. ജീനുകളുടെ കണ്ടെത്തലോടെ, ഡാര്‍വിന്റെ സിദ്ധാന്തത്തിന് കൂടുതല്‍ വ്യക്തതയും ശക്തിയും ലഭിച്ചു. ഇന്ന്, കെവിഡ് വൈറസിന്റെ രൂപാന്തവും, ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളായാലും, പരിണാമ സിദ്ധാന്തം ഈ പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡാര്‍വിന്റെ കണ്ടെത്തലുകള്‍, പ്രകൃതിയുടെ അത്ഭുതലോകത്തെയും അതിലെ ജീവികളുടെ പരസ്പരബന്ധത്തെയും കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചു. അതുകൊണ്ട് തന്നെയാണ്, 1859 നവംബര്‍ 24 എന്ന ആ ദിവസം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നത്.

Scroll to Top