SKSSF കാസര്‍കോട് ജില്ല ത്വലബാ വിംഗ്: സമസ്ത സ്ഥാപക ദിനാചരണവും ശൈഖുനാ ത്വാഖാ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

‘മഹാന്മാര്‍ തെളിച്ച ആദര്‍ശപാതയിലൂടെ മുന്നേറുമ്പോഴാണ് സമുദായത്തിന് ശരിയായ നേതൃത്വം നല്‍കാനാവുക’ – ഇര്‍ഷാദ് ഹുദവി ബെദിര

കാസര്‍ഗോഡ്: SKSSF ത്വലബാ വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ദിനാചരണവും പ്രമുഖ പണ്ഡിതനും ആത്മീയാചാര്യനുമായ ശൈഖുനാ ത്വാഖാ ഉസ്താദ് അനുസ്മരണ സംഗമവും വൈവിധ്യമാര്‍ന്ന വിദ്യാര്‍ത്ഥി പദ്ധതികളുടെ പ്രഖ്യാപനവും സംഘടിപ്പിച്ചു.
പരിപാടി ഉദ്ഘാടനം ചെയ്ത SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര പറഞ്ഞു: ‘നൂറ്റാണ്ട് പിന്നിട്ട് പുതിയ ചരിത്രത്തിലേക്ക് പ്രവേശിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉയര്‍ത്തിപ്പിടിക്കുന്ന അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആദര്‍ശവും മഹാന്മാര്‍ കൈമാറിയ വിശുദ്ധ പൈതൃകവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത് ഓരോ മുതഅല്ലിമിന്റെയും ബാധ്യതയാണ്. ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ മഹാന്മാര്‍ തെളിച്ച വഴിയിലൂടെ മുന്നേറുകയും നിലവിലെ മുശാവറ അംഗങ്ങളെയും സയ്യിദന്മാരെയും മാതൃകയാക്കുകയും ചെയ്യുമ്പോഴാണ് സമുദായത്തിന് ശരിയായ നേതൃത്വം നല്‍കാന്‍ കഴിയുക.’
അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിച്ചവര്‍, കേവലം ഒരു മതപണ്ഡിതന്‍ എന്നതിനപ്പുറം ജീവിതവിശുദ്ധിയും ആത്മീയ നിഷ്ഠയും കൊണ്ട് ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ മഹാനായ സൂഫിവര്യനായിരുന്നു ശൈഖുനാ ത്വാഖാ ഉസ്താദെന്നും അദ്ദേഹത്തിന്റെ ജീവിതം വിദ്യാര്‍ത്ഥി സമൂഹത്തിന് എന്നും മാതൃകയായിരിക്കുമെന്നും പറഞ്ഞു.
ജില്ലാ ത്വലബാ ചെയര്‍മാന്‍ ഹാഫിസ് ഫര്‍സിന്‍ തളങ്കര അധ്യക്ഷത വഹിച്ചു. സമകാലീന സാഹചര്യങ്ങളില്‍ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആദര്‍ശം പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍ സഹായകമാകുന്ന വിവിധ പദ്ധതികള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ‘തഫ്ഹീം ത്വലബാ ആദര്‍ശ കോഴ്‌സ്’ ഉള്‍പ്പെടെയുള്ള നിരവധി പ്രോജക്ടുകള്‍ക്ക് തുടക്കം കുറിച്ചതായും അഹ്ലുസ്സുന്നത്തിന്റെ ആദര്‍ശ വഴികളും ശരീഅത്തിന്റെ നിയമപാലനങ്ങളും കോര്‍ത്തിണക്കി വിഭാവനം ചെയ്ത കൂടുതല്‍ പദ്ധതികള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കുമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
സയ്യിദന്മാര്‍, ഉസ്താദുമാര്‍, ഉമറാക്കള്‍, ത്വലബാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Scroll to Top