മദ്യപിച്ച് എന്നും വഴക്ക്, 44കാരനായ ഭര്‍ത്താവിനെ കൊന്ന് വീട്ടിനുള്ളിലെ ശുചിമുറിയില്‍ കുഴിച്ചിട്ട് ഭാര്യ,

ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ പായസം നല്‍കി. സുരേന്ദ്രന്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഇവര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ ബാത്‌റൂമില്‍ വലിയൊരു കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി
ആഗ്ര:44 കാരനായ ഭര്‍ത്താവിനെ കാണാതായിട്ട് 45 ദിവസം. എവിടെയോ പോയതാണെന്നും വൈകാതെ എത്തുമെന്നും ഭാര്യയുടെ പ്രതികരണം. 44കാരന്റെ സഹോദരന് തോന്നിയ സംശയത്തില്‍ തെളിഞ്ഞത് ക്രൂരമായ കൊലപാതകം. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിലെ ശുചിമുറിയില്‍ കുഴിച്ച് മൂടിയത്. 44കാരന്റെ വീട് പരിശോധിച്ചപ്പോള്‍ ശുചിമുറിയുടെ തറ പുതിയതായി ടൈല്‍ പതിപ്പിച്ചതിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാര്യ പരസ്പര വിരുദ്ധമായി മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്. 44കാരനായ സുരേന്ദ്ര കുമാര്‍ ശര്‍മയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഉറപ്പിച്ചിരുന്നതായും ഇതിനായി ശുചിമുറി ടൈല്‍ ഇടാനായി ജോലിക്കാരെയും ഏര്‍പ്പെടുത്തിയിരുന്നു. സുരേന്ദ്ര കുമാര്‍ ശര്‍മ പതിവായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നുവെന്നാണ് 44 കാരന്റെ സഹോദരന്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സുരേന്ദ്ര കുമാര്‍ ശര്‍മയെ കാണാനില്ലെന്ന് വീട്ടിലും പൊലീസിലും അറിയിച്ചത് ഭാര്യ തന്നെയായിരുന്നു.

ഏകദേശം 16 വര്‍ഷമായി വിവാഹിതരായി കഴിഞ്ഞിരുന്ന സുരേന്ദ്രനും റൂബിയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നു. കൃത്യം നടന്ന ദിവസം റൂബി തന്റെ രണ്ട് പെണ്‍മക്കളെയും സുരേന്ദ്രന്റെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അതിനുശേഷം ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ പായസം നല്‍കി. സുരേന്ദ്രന്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഇവര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ ബാത്‌റൂമില്‍ വലിയൊരു കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി. മുകളില്‍ മണ്ണും സിമന്റും ഇട്ട് തറ നന്നായി പ്ലാസ്റ്റര്‍ ചെയ്ത ശേഷം ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പുതിയ ടൈലുകള്‍ പാകി കൃത്യം ഒളിപ്പിച്ചു. 45 ദിവസം രഹസ്യം ഉള്ളിലൊതുക്കി യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇവര്‍ ജീവിച്ചത്.

സുരേന്ദ്രനുമായി ബന്ധപ്പെട്ട പഴയൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സംഘം റൂട്ടീന്‍ വെരിഫിക്കേഷനായി ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതകം വെളിച്ചത്തു വന്നത്. പൊലീസിനെ കണ്ടപ്പോള്‍ റൂബി അസ്വസ്ഥത പ്രകടിപ്പിക്കുകയും പെട്ടെന്ന് തന്നെ ഭര്‍തൃസഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. റൂബിയുടെ പെരുമാറ്റത്തിലും ഭര്‍ത്താവിന്റെ പെട്ടെന്നുള്ള കാണാതാകലിലും നേരത്തെ തന്നെ സംശയമുണ്ടായിരുന്ന ഭര്‍തൃസഹോദരന്‍ തന്റെ ആശങ്കകള്‍ പൊലീസുമായി പങ്കുവെച്ചു. ബാത്‌റൂമില്‍ പുതുതായി പാകിയ ടൈലുകളും പ്ലാസ്റ്ററിംഗും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം ഇരട്ടിച്ചു.തുടര്‍ന്ന് റൂബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അവര്‍ കുറ്റം സമ്മതിച്ചതും മൃതദേഹം ബാത്‌റൂം തറയ്ക്കടിയിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയതും.

Scroll to Top