ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹയ്ലി ഗബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇന്ത്യയിലെത്തിയ പുക പടലങ്ങള്‍ ഇന്ന് രാത്രി ഏഴരയോടെ ചൈനയിലേക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം പുകപടലങ്ങള്‍ ഇന്ത്യയുടെ പടിഞ്ഞാറും വടക്കുമുള്ള പ്രദേശങ്ങളിലെത്താനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
25000 മുതല്‍ 45,000 അടി മുകളിലായാണ് ഈ പുക നിലനില്‍ക്കുന്നത്. അതിനാല്‍ ഡല്‍ഹിയിലെ മലിനീകരണ നിലയെ ഇത് ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. പുകയുടെ സാന്നിധ്യം ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എത്യോപ്യയിലെ അഫാര്‍ പ്രദേശത്ത് നടന്ന അഗ്‌നിപര്‍വത സ്ഫോടത്തിന് പിന്നാലെ ചെങ്കടല് കടന്ന പുകപടലങ്ങള്‍ അറേബ്യന്‍ പെനിന്‍സുലയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിക്കുകയാണ് ഉണ്ടായത്.
സ്‌ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന് പൊങ്ങിയ പൊടിപടലങ്ങള്‍ സഞ്ചരിച്ചത് ആകാശത്ത് ഒമ്പത് മൈലോളം ഉയരത്തിലാണ്(14 കിലാമീറ്റര്‍). എറിട്രിയന്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള അഡിസ് അബാബയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് നിന്നും 800 കിലോമീറ്റര്‍ അകലെയാണ് അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്ന എത്യോപ്യയിലെ അഫാര്‍ പ്രദേശം. നിലവില്‍ ഇന്ത്യയിലെത്തിയ പുകപടലങ്ങള്‍ ഒമാന്‍ – അറബിക്കടല്‍ പ്രദേശം മുതല്‍ ഉത്തര – മധ്യ ഇന്ത്യന്‍ പ്രദേശങ്ങളില്‍ വ്യാപിച്ച് കിടക്കുകയാണ്. സള്‍ഫര്‍ ഡയോക്സൈഡ് നിറഞ്ഞ പുക ഇന്ത്യന്‍ നഗരങ്ങളിലെ വായുഗുണനിലവാരത്തെ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. അതേസമയം ഹിമാലയത്തിലെ സള്‍ഫര്‍ ഡയോക്സൈഡ് അളവിനെയും അതിനൊപ്പമുള്ള യുപിയിലെ ടെറായി ബെല്‍റ്റിനെയും പുക ബാധിക്കുമെന്നുമാണ് നിഗമനം.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡല്‍ഹിയിലെത്തിയത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറന്‍ രാജസ്ഥാനിലെത്തിയത്. ജോധ്പൂര്‍ – ജെയ്സാല്‍മീര്‍ പ്രദേശത്ത് നിന്നും മണിക്കൂറില്‍ 120- 130 കിലോമീറ്റര്‍ വേഗതയിലാണ് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്. ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്‌നിപര്‍വതമായതിനാല്‍ ആള്‍നാശമില്ല. എന്നാല്‍ അഗ്‌നിപര്‍വതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും പരക്കുന്നതിനാല്‍ വിമാനസര്‍വീസുകളെല്ലാം അവതാളത്തിലായിരിക്കുകയാണ്. എത്യോപ്യന്‍ വ്യോമമേഖലയെയും ഏഷ്യയിലെ വ്യോമഗതാഗതത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.




