അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ :പണി വേഗം പൂര്‍ത്തിയാക്കും

സ്മാര്‍ട്ട് അങ്കണവാടി അവലോകനയോഗം ചേര്‍ന്നു

ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തമായി സ്മാര്‍ട്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍മ്മാണം നടത്തുന്ന നിര്‍മിതി കേന്ദ്രത്തിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കെട്ടിടങ്ങളുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് വനിതാ ശിശുവികസന ഓഫീസര്‍ക്ക് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡണ്ടുമാര്‍ ചെയര്‍പേഴ്‌സണ്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ നിര്‍മ്മാണത്തിലുള്ള അങ്കണവാടികളുടെ നിര്‍മാണം വരും മാസങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ആകെ നിര്‍മ്മാണത്തിലുള്ളവ- 58 അങ്കണവാടികളാണ്. ഇതില്‍
പൂര്‍ത്തിയായവ-11 എണ്ണം. ബാക്കിയുള്ളവ- 47 എണ്ണം ഇതില്‍ പകുതിയോളം കെട്ടിടങ്ങളുടെ പണി രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുന്നതിനാണ് യോഗം നിര്‍ദ്ദേശം നല്‍കിയത് ബാക്കിയുള്ളവ ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കും.

ബാക്കിയുള്ള 47 കെട്ടിടങ്ങളില്‍ 42 എണ്ണത്തിന്റെ നിര്‍മ്മാണ ചുമതല നിര്‍മിതി കേന്ദ്രത്തിനും 5 എണ്ണത്തിന്റെ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തിനുമാണ് അങ്കണവാടികളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകണം. സ്വന്തമായി ഭൂമി ഇല്ലാത്ത അങ്കണവാടികള്‍ക്ക് ആവശ്യമായ റവന്യുഭൂമി കണ്ടെത്തി നല്‍കിയാല്‍ അനുമതി നല്‍കും
സ്വന്തമായി ഭൂമിയില്ലാത്ത അങ്കണവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതിനായി താല്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും സ്വമേധയാ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.

കാസര്‍കോട് വികസന പാക്കേജിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്ന സ്മാര്‍ട്ട് കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ ശിശുവികസന മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടമാകും ഇത് സമ്മാനിക്കുക.
അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍,വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ജംല റാണി, ജില്ലാനിര്‍മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇപി രാജ്‌മോഹന്‍ , ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍മാര്‍ (CDPO), സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top