കോവിഡ് കാലത്ത് നടപ്പാക്കിയ ഐഡിയ; നിരോധിച്ച കഫ്‌സിറപ്പ് കടത്തില്‍ സംഘത്തലവനെ കണ്ടെത്തി യുപി പൊലീസ്

ലക്‌നൗ: മാരകമായ കോഡിന്‍ കഫ്‌സിറപ്പ് കടത്ത് നടത്തുന്ന സംഘത്തിന്റെ തലവന്‍ ആരെന്ന് കണ്ടെത്തി ഉത്തര്‍പ്രദേശ് പൊലീസ്. വാരാണസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫാര്‍മസൂട്ടിക്കല്‍ ഡീലര്‍ ശുഭം ജെയ്‌സ്വാള്‍, ഇയാളുടെ പിതാവ് ഭോല പ്രസാദ് എന്നിവരാണ് നിരോധിച്ച കഫ്‌സിറപ്പിന്റെ വിതരണത്തിന് പിന്നിലെന്നാണ് പൊലീസ് മനസിലാക്കിയിരിക്കുന്നത്. വ്യാജ കമ്പനികളുടെ ശൃംഖലയിലൂടെ അതിര്‍ത്തി കടന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കോഡിന്‍ അടങ്ങിയ കഫ് സിറപ്പുകള്‍ ഗാസിയാബാദിലും വാരണാസിയിലുമുള്ള വെയര്‍ഹൗസില്‍ നിന്നും ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും നേപ്പാളിലും വിതരണം നടത്തി വരികയായിരുന്നു. ഗാസിയാബാദിലും വാരണാസിയിലും നിരവധി എഫ്‌ഐആറുകളാണ് ജെയ്‌സ്വാളിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഒളിവിലായ പ്രതിയെ കണ്ടെത്താന്‍ യുപി പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക്ക്‌സ് ടാസ്‌ക് ഫോഴ്‌സ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വിഷാംശമുള്ള കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 24 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് യുപിയില്‍ പരിശോധന ശക്തമാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് സോന്‍ഭദ്രയില്‍ നടന്ന പരിശോധനയില്‍ കോഡില്‍ അടങ്ങിയ 12,000 ബോട്ടില്‍ കഫ് സിറപ്പാണ് കണ്ടെത്തിയത്. പലഹാര പാക്കിങ് എന്നതിന്റെ മറവിലായിരുന്നു ഇത് കടത്തിയിരുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസ് ജെയ്‌സ്വാളിലേക്ക് എത്തിയത്. വ്യാജ രേഖകള്‍ ചമച്ച് ഇല്ലാത്ത കമ്പനികളുടെ പേരിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ കമ്പനികള്‍ക്ക് നല്‍കിയിരുന്ന കോണ്‍ടാക്ട് നമ്പറുകളും വിലാസവുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ബില്ലിങിനും വിതരണത്തിനും ജെയ്‌സ്വാളിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഷൈലി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരും ജെയ്‌സ്വാള്‍ ഉപയോഗിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇത്തരത്തില്‍ ആറു കമ്പനികള്‍ പേപ്പറുകളില്‍ മാത്രമാണ് നിലിനിന്നിരുന്നതെന്ന് പൊലീസിന് വ്യക്തമായി.

ഹിമാചല്‍ പ്രദേശിലെ ഫാക്ടറിയില്‍ നിന്നാണ് സപ്ലൈ ആരംഭിക്കുന്നത്. ഇവിടെ നിന്നും ഗാസിയാബാദിലെ വെയര്‍ഹൗസിലെത്തിക്കുന്ന മരുന്നുകള്‍ ആഗ്ര, ലക്‌നൗ, വാരണാസിയിലൂടെ ജാര്‍ഖണ്ഡിലും മറ്റിടങ്ങളിലേക്കും ഷിപ്പ്‌മെന്റ് നടത്തും. കോവിഡ് 19 മഹാമാരിക്ക് മുമ്പ് ജെയ്‌സ്വാള്‍ മൈനര്‍ മെഡിക്കല്‍ സപ്ലൈയറായിരുന്നു. ഈ സമയത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ നിയന്ത്രിത മരുന്നുകള്‍ക്കുള്ള ആവശ്യകത കൂടിയത് മനസിലാക്കിയാണ് ഇയാള്‍ ബിഹാറില്‍ കോഡിന്‍ ചേര്‍ത്ത സിറപ്പ് സപ്ലൈ ചെയ്യാന്‍ തുടങ്ങിയത്.

Scroll to Top