ഇന്ത്യയില്‍ 2800 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഓസ്ട്രേലിയന്‍സൂപ്പര്‍; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്ട്രേലിയന്‍ പെന്‍ഷന്‍ ഫണ്ട് കമ്പനിയായ ഓസ്ട്രേലിയന്‍സൂപ്പര്‍ ഇന്ത്യയില്‍ 2800 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനം നടന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആഗോള നിക്ഷേപങ്ങള്‍ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
മെല്‍ബണ്‍: ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ കമ്പനി. ഓസ്ട്രേലിയയിലെ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രമുഖ കമ്പനിയായ ഓസ്ട്രേലിയന്‍സൂപ്പര്‍ ആണ് ഇന്ത്യയില്‍ 2800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ മുന്‍നിര വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. യോഗത്തില്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ സ്രോഡര്‍ ആണ് പ്രഖ്യാപനം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. കമ്പനിയുടെ വന്‍ നിക്ഷേപ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ മികച്ച സാമ്പത്തിക വളര്‍ച്ച ആഗോള നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയയുമായി വ്യാപാര, സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സഹകരിച്ച് മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്തോനേഷ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയില്‍ എത്തിയത്. മെല്‍ബണിലെ ഹോട്ടലില്‍ വെച്ച് വന്‍ സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം അദ്ദേഹത്തിനായി ഒരുക്കിയത്. ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. വ്യവസായികളുടെ സംയുക്ത യോഗത്തിലും വൈകിട്ട് നടക്കുന്ന പ്രവാസികളുടെ സമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. വ്യാപാര-പ്രതിരോധ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കാണ് ഈ സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കുന്നത്.

Scroll to Top