മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മൊറോക്കോയെ തോല്‍പ്പിച്ച് ഫ്രാന്‍സ്. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവുമായാണ് ഫ്രാന്‍സ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. സൂപ്പര്‍ താരം കെയ്ലിയന്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബെലെയുമാണ് ഗോള്‍ നേടിയത്.

എംബാപ്പെയുടെ ഈ ലോകകപ്പിലെ എട്ടാമത്തെയും ഡെംബെലെയുടെ അഞ്ചാമത്തേയും ഗോളാണിത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് റേസില്‍ എംബാപ്പെ മുന്നിലെത്തി. എട്ട് ഗോളുകള്‍ തന്നെ നേടി മെസി ലിസ്റ്റിലുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തില്‍ എംബാപ്പെയ്ക്കാണ് മുന്‍തൂക്കം.ഇന്ന് ഡെംബെലെ നേടിയ ഗോളിലേക്ക് വഴിയൊരുക്കിയതടക്കം നാല് അസിസ്റ്റാണ് ഫ്രഞ്ച് താരത്തിനുള്ളത്.

മത്സരത്തില്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. 28-ാം മിനിറ്റില്‍ എംബാപ്പെയ്ക്ക് കിട്ടിയ പെനാല്‍റ്റി കിക്ക് മൊറോക്കന്‍ ഗോള്‍ കീപ്പര്‍ ബോനെ നെഞ്ചുവിരിച്ചു തടുത്തു. രണ്ടാം പകുതിയില്‍ പക്ഷെ ഫ്രാന്‍സ് ലക്ഷ്യം കണ്ടു. 60-ാം മിനിറ്റില്‍ ഡുവെ നല്‍കിയ പാസില്‍ എംബാപ്പെയുടെ ക്ലിനിക്കല്‍ ഫിനിഷ്. ഡിഫന്‍ഡര്‍ക്ക് പിന്നില്‍ വിഷന്‍ നഷ്ടമായ കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല.

ഒരു ഗോള്‍ വീണതിന്റെ ഷോക്കില്‍ നിന്നും മോചിതനാകുന്നതിന് മുമ്പായിരുന്നു രണ്ടാം ഗോള്‍. 66-ാം മിനിറ്റില്‍ ഡെംബെലെ നേടിയ ഗോളിന് വഴിയൊരുക്കിയതും എംബാപ്പെയായിരുന്നു. രണ്ട് ഗോള്‍ വഴങ്ങിയതിന് ശേഷം ഗോള്‍ തിരിച്ചടിക്കാന്‍ മൊറോക്കോ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം ഉലയാതെ നിന്നു.

Scroll to Top