12 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോളുള്ള മരുന്നുകളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം

ആ മരുന്നുകള്‍ ഇനി ഷെഡ്യൂള്‍ എച്ച് 1ല്‍, പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധം; 12 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോളുള്ള മരുന്നുകളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം

രാജ്യത്ത് 12 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകളുടെ വില്‍പനയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡ്രഗ്‌സ് ചട്ടങ്ങളിലെ ഷെഡ്യൂള്‍ എച്ച് 1-ല്‍ ഉള്‍പ്പെടുത്തിയതോടെ, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇവ വാങ്ങാന്‍ സാധിക്കില്ല.
ദില്ലി: രാജ്യത്ത് 12 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോളിന്റെ അളവുള്ള മരുന്നുകളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇത്തരം മരുന്നുകള്‍ക്ക് ഡ്രഗ്‌സ് ചട്ടങ്ങളിലെ ഷെഡ്യൂള്‍ കെ പ്രകാരം ഇതുവരെ ലഭിച്ചിരുന്ന പൊതുവായ ഇളവുകള്‍ ഇനി മുതല്‍ ലഭിക്കില്ല. ഇവയെ ഷെഡ്യൂള്‍ എച്ച് 1-ലേക്ക് ഉള്‍പ്പെടുത്തി. ഇതനുസരിച്ച് ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഈ മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ല. വിതരണക്കാരും കെമിസ്റ്റുകളും ഇവയുടെ വില്‍പന വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

ചില ചുമ സിറപ്പുകള്‍, ടോണിക്കുകള്‍, മറ്റ് ദ്രവരൂപത്തിലുള്ള ഔഷധങ്ങള്‍ എന്നിവ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ വ്യാപകമായി വില്‍ക്കുന്നതും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. നിരീക്ഷണവും നിയന്ത്രണവും ആവശ്യമുള്ള മരുന്നുകളുടെ വിഭാഗമായ ഷെഡ്യൂള്‍ എച്ച് വണ്ണിലേക്ക് മാറ്റുന്നതിലൂടെ മരുന്ന് ദുരുപയോഗം തടയാനും ഉത്തരവാദിത്തത്തോടെയുള്ള വിതരണം ഉറപ്പാക്കാനും സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

നിയമ ഭേദഗതി കാരണം രോഗികള്‍ക്ക് ഈ മരുന്നുകള്‍ ലഭിക്കാതെ വരികയോ ഇവ നിരോധിക്കുകയോ ചെയ്തിട്ടില്ലെന്നും മറിച്ച് കൃത്യമായ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ എന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഫാര്‍മസികളെ സംബന്ധിച്ചിടത്തോളം ഇതില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. ഈ മരുന്നുകള്‍ വില്‍ക്കുമ്പോള്‍ കൃത്യമായ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ ഫാര്‍മസികള്‍ ബാധ്യസ്ഥരാണ്.

പുതിയ നിയമപ്രകാരം ഷെഡ്യൂള്‍ എച്ച് വണ്ണില്‍ ഉള്‍പ്പെടുന്ന ഈ മരുന്നുകള്‍ ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ ഫാര്‍മസികള്‍ക്ക് വില്‍ക്കാന്‍ കഴിയില്ല. കൂടാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുമ്പോള്‍ ഓരോ വില്‍പ്പനയുടെയും വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതുണ്ട്. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനയ്ക്കായി ഈ കുറിപ്പടികളും വില്‍പ്പന രേഖകളും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഫാര്‍മസികളില്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Scroll to Top