യക്ഷഗാന കലാക്ഷേത്രം: പുനരുദ്ധാരണത്തിന് മുറവിളി,കെട്ടിടം നാശത്തിന്റെ വക്കില്‍.

കുമ്പള. കര്‍ണാടകത്തിലെ തീരദേശ ജില്ലകളിലും, കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലും പ്രചാരണത്തിലുള്ള നൃത്തവും,സംഗീതവും, നാടകവും സമുന്വയിച്ച തനത് കലാരൂപമായ യക്ഷഗാനത്തിന്റെ സംരക്ഷണത്തിന് പുനരുദ്ധാരണ പദ്ധതികള്‍ വേണമെന്ന ആവശ്യവുമായി കുമ്പളയിലെ പ്രാദേശിക കലാകാരന്മാരും, സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത്.

കുമ്പള മുജംഗാവി ലുള്ള പാര്‍ഥി സുബ്ബയ്യ യക്ഷഗാന കാലാക്ഷേത്രം(അക്കാദമി) 2013ല്‍ കുമ്പളയില്‍ സ്ഥാപിച്ചുവെങ്കിലും അതിന്റെ സംരക്ഷണത്തിനും, പുനരുദ്ധാരണത്തിനും നടപടിയില്ലാത്തത് മൂലം ദീര്‍ഘകാലമായി കെട്ടിടം അവഗണന നേരിടുകയാണ്. കലാക്ഷേത്ര നിര്‍മ്മാണം പൂര്‍ണ്ണസ്ഥിതിയിലാക്കാതെയാണ് അന്ന് തുറന്നു കൊടുത്തത്.പിന്നീട് പദ്ധതികള്‍ ഒന്നുമില്ലാത്തത് കുമ്പളയിലെ ഈ സാംസ്‌കാരിക കേന്ദ്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി.ഇപ്പോള്‍ കെട്ടിടം കാട് മൂടി നാശത്തിന്റെ വക്കിലാണ്. രാത്രികാലങ്ങളില്‍ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറി.

400-ഓളം വര്‍ഷത്തെ ചരിത്രമുള്ള കലാരൂപമാണ് യക്ഷഗാനം.പുരാണ കഥകളെ ആസ്പദമാക്കി രാത്രി മുഴുവന്‍ തുറന്ന വേദികളില്‍ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ് ഈ കലാരൂപത്തിന്റെ പ്രത്യേകതയും. പതിനൊന്നാം നൂറ്റാണ്ടിനും,പതിനാറാം നൂറ്റാണ്ടിനുമിടയിലാണ് യക്ഷഗാനത്തിന്റെ ഉത്ഭവമെന്ന് പറയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഉടുപ്പിയിലെ നരഹരി തീര്‍തഥ എന്ന സന്യാസിയാണ് ‘ദശാവതാരം” അവതരണം ഇതിനായി ആരംഭിച്ചത്. സംസ്‌കൃതത്തില്‍ ‘യക്ഷന്‍”എന്നാല്‍ ദേവന്മാര്‍(ആകാശ ജീവികള്‍)എന്നാണ് അര്‍ത്ഥം.ഗാനം സംഗീതമായപ്പോള്‍ ‘ദേവന്മാരുടെ സംഗീതം” എന്ന നിലക്കാണ് യക്ഷഗാനം എന്ന പേര് വന്നതും.

1590-1620 കാലഘട്ടത്തില്‍ രചിക്കപ്പെട്ട രാമായണമാണ് യക്ഷഗാനത്തിലെ പ്രധാന നാഴികക്ക ല്ല്.പിന്നെ മഹാഭാരതവും, ഭാഗവതവും. കുമ്പളയിലെ പാര്‍ഥി സുബ്ബന്‍ രചിച്ച കൃതികളില്‍ രാമനാട്ടത്തിന്റെ സ്വാധീനം കാണാന്‍ സാധിക്കുന്നുണ്ട്. കര്‍ണാടകയിലും, കേരളത്തിലും വിവിധ ശൈലികളിലാണ് യക്ഷഗാനം അവതരിപ്പിക്കുന്നത്. നന്മയുടെ വിജയവും, തിന്മയുടെ പരാജയവുമാണ് യക്ഷഗാനത്തിലൂടെ കാണിക്കുന്നത്.ഈ ചരിത്ര പശ്ചാത്തലമുള്ള കലാരൂപമാണ് സംരക്ഷിക്കാനാ ളില്ലാതെ അവഗണന നേരിടുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യക്ഷഗാന അക്കാദമി പുനരുദ്ധാരണത്തിനായി കലാകാരന്മാരും, സാംസ്‌കാരിക പ്രവര്‍ത്തകരും അധികൃതരെ സമീപിച്ച് നിവേദനങ്ങള്‍ നല്‍കി വരുന്നുണ്ട്.കഴിഞ്ഞ സര്‍ക്കാറിന്റെ ഒട്ടുമിക്ക അദാലത്തുകളിലും ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചതുമാണ്. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന നാളുകളില്‍ കലാക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി 2 ലക്ഷം രൂപ സര്‍ക്കാര്‍ വകവരുത്തിയിരുന്നുവെങ്കിലും അതും നടക്കാതെ പോയി. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി കൃഷ്ണനാഥിന് കുമ്പളയുമായി അടുത്ത ബന്ധം ഉള്ളതുകൊണ്ട് തന്നെ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് കലാക്ഷേത്ര പുനരുദ്ധാരണത്തിന് സര്‍ക്കാറിന് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചാല്‍ തുളു നാടിന്റെ തനത് കലയായ യക്ഷഗാനത്തെയും, പാര്‍ഥി സുബ്ബന്റെ പൈതൃകത്തെയും സംരക്ഷിക്കാന്‍ കഴിയുമെന്ന് പ്രാദേശിക കലാകാരന്മാരും, സാംസ്‌കാരിക പ്രവര്‍ത്തകരും കരുതുന്നുണ്ട്.

Scroll to Top