വായന മാസാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് അക്ഷര ലൈബ്രറിയുമായി ചേര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കവിതാലാപന മത്സരം സംഘടിപ്പിച്ചു. ആശാന്‍ മുതല്‍ സച്ചിദാനന്ദന്‍ വരെ നിറഞ്ഞു നിന്ന കവിതാലാപന മത്സരത്തില്‍ മനുഷ്യ ജീവിതത്തിലെ സങ്കീര്‍ണതകളും സമകാലിക വിഷയങ്ങങ്ങളും സ്ത്രീ ചിന്തകളുമെല്ലാം വിഷയങ്ങളായി. മത്സരത്തില്‍ പാക്കം ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപിക ജയശ്രീ പി.പി ഒന്നാം സ്ഥാനം നേടി. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് രാജേഷ്.ആര്‍ രണ്ടാം സ്ഥാനം നേടി. കാസര്‍കോട് കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എസ്.സജിത്ത്, കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് കെ.രാജീവന്‍ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേംബറില്‍ നടന്ന മത്സരത്തില്‍ ഡയറ്റ് അധ്യാപകന്‍ സന്തോഷ് സക്കറിയ, നയന്‍മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ ഹയര്‍സെക്കണ്ടറി വിഭാഗം അധ്യാപകന്‍ സുബിന് ജോസ് എന്നിവര്‍ വിധികര്‍ത്താക്കളായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കളക്ടറേറ്റ് അക്ഷര ലൈബ്രറി സെക്രട്ടറി കെ. മുകുന്ദന്‍, അസി.എഡിറ്റര്‍ എ.പി ദില്‍ന, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ചിലങ്ക തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കുപ്പുകളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ പരിപാടിയുടെ ഭാഗമായി.




