ലോകകപ്പില്‍ വിജയിയെ പ്രവചിക്കാമോ? കളക്ടറോട് കുട്ടികള്‍
ലോകകപ്പില്‍ വിജയിയെ പ്രവചിക്കാമോ എന്ന് കളക്ടറോട് കുട്ടികള്‍. നമസ്തേ കളക്ടറില്‍ പങ്കെടുത്ത കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ്സിലെ കുട്ടികളാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് സംവദിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്ത്, ഐ.എ.എസ് നേടാന്‍ പ്രേരിപ്പിച്ച സംഭവമെന്ത്, കാസര്‍കോടിന്റെ ഭാവിസ്വപ്നം എന്ത് എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങളുമായാണ് കുട്ടികള്‍ കളക്ടറുടെ മുന്നിലെത്തിയത്. മഴ പെയ്യുമ്പോള്‍ അവധി തരുന്ന കളക്ടര്‍ക്ക് നന്ദി അറിയിച്ച കുട്ടികള്‍ മഴ പെയ്യുമെന്ന് എങ്ങനെ നേരത്തെ അറിയാം എന്ന് ചോദിച്ചു. പിന്നീട് സ്‌കൂളിന്റെ പരിമിതികള്‍ ശരിയാക്കി തരണമെന്നും കളക്ടറോട് പറഞ്ഞു.
ജന്മനാടായ ഇടുക്കിയുടെ പിന്നോക്കാവസ്ഥയാണ് ഐ.എ.എസ് ആകാന്‍ പ്രേരിപ്പിച്ച ഒരു ഘടകം എന്നും പഠിക്കുന്ന വിഷയങ്ങള്‍ ആസ്വദിച്ച് പഠിച്ചും പത്രവും പുസ്തകവും വായിച്ചും ഐ.എ.എസ്സിനായി തയ്യാറെടുക്കാം എന്ന് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷനിര്‍ഭരവും സങ്കടകരവുമായ സന്ദര്‍ഭം ഏതെന്ന കുട്ടികളുടെ ചോദ്യത്തിന് ഐ.എ.എസ് കിട്ടിയപ്പോള്‍ സന്തോഷം ഉണ്ടായി എന്നും ഓരോ ജീവിത കാലഘട്ടത്തിലും അത്തരം സന്ദര്‍ഭങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുമെന്നും കളക്ടര്‍ മറുപടി നല്‍കി. വെല്ലുവിളികളെ ഏറ്റെടുത്ത് പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും എപ്പോഴും ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും കൈമുതലായി വേണമെന്നും ലഹരിക്ക് അടിമപ്പെട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജോലിക്കിടയില്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യത്തിന് ജോലി ആസ്വദിച്ച് ചെയ്താല്‍ സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നും അഥവാ ഉണ്ടായാല്‍ ജോലിയെ ബാധിക്കാത്ത വിധം അവധി ദിവസങ്ങളില്‍ കായിക വൃത്തികളില്‍ ഏര്‍പ്പെടാറുണ്ട് എന്നും കളക്ടര്‍ മറുപടി നല്‍കി. ചെറിയ മഴ പെയ്താല്‍ പോലും മൈതാനത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നു എന്നും തൊട്ടടുത്ത് ലെവല്‍ ക്രോസിംഗ് ഉള്ളതുകൊണ്ട് അധ്യാപകര്‍ കാത്തു നിന്നാണ് സ്‌കൂള്‍ സമയത്ത് കുട്ടികളെ പ്രവേശിപ്പിക്കുന്നതെന്നും ഇത്തരം സുരക്ഷാ ഭീഷണിയുള്ളതിനാല്‍ സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ മടിക്കുന്നുണ്ടെന്നും കുട്ടികളും അധ്യാപകരും കളക്ടറെ അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.
വയസ്സായ മാതാപിതാക്കളെ മക്കള്‍ ഒഴിവാക്കുന്നതും പരിചരിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നം കുട്ടികള്‍ ഉന്നയിച്ചപ്പോള്‍ മാതാപിതാക്കളെ നോക്കാനുള്ള ധാര്‍മിക ചുമതല മാത്രമല്ല മക്കള്‍ക്ക് ഉള്ളതെന്നും നിയമപരമായി തന്നെ ഇത്തരം ചുമതലകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് പാലിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള വ്യവസ്ഥിതികള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് കളക്ടര്‍ മറുപടി നല്‍കി.
കുട്ടികളുമായി സംവദിക്കുന്ന നിമിഷങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അത് കുട്ടികള്‍ക്കും തനിക്കും ഏറെ സന്തോഷം തരുന്നതും കളക്ടര്‍ പറഞ്ഞു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികളെ അഭിനന്ദിച്ച കളക്ടര്‍ മത്സരത്തില്‍ പങ്കെടുക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് പറഞ്ഞു. പരിപാടിയില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍ ഷഫ്ന കളക്ടര്‍ക്ക് സമ്മാനം നല്‍കി. സ്‌കൂളിലെ 25 കുട്ടികളും നാല് അധ്യാപകരും ആണ് പരിപാടിയില്‍ പങ്കെടുത്തത്.
നേരത്തെ ശക്തമായ കാറ്റില്‍ മേല്‍ക്കൂര തകര്‍ന്ന കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ്സില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് നമസ്തേ കളക്ടറില്‍ പങ്കെടുക്കാനുള്ള കുട്ടികളുടെ ആഗ്രഹം അധ്യാപകര്‍ അറിയിച്ചിരുന്നു. അങ്ങനെയാണ് കളക്ടറെ കാണാനുള്ള കുട്ടികളുടെ ആഗ്രഹം സാധിച്ചത്. ജില്ലാ ഭരണകൂടവും കുട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നമസ്തേ കളക്ടര്‍. നമസ്തേ കളക്ടറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.




