ദില്ലി: ബജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ടാണ് സാമ്പത്തിക സര്‍വേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് മുന്നോടിയായി 2024 ജൂലൈ 22-നാണ് മുന്‍പ് സാമ്പത്തിക സര്‍വേ അവതരിപ്പിച്ചത്. അതിനുശേഷം ആറ് മാസത്തിനുള്ളിലാണ് അടുത്ത സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വരുന്നത്.
ധനമന്ത്രി പാര്‍ലിമെന്റില്‍ വെച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ സുസ്ഥിരമായി തുടരും. കാര്‍ഷിക മേഖല ഉള്‍പ്പടെ എല്ലാ മേഖലകളും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക മേഖലയും പുരോഗതിയിലാണ്. കോവിഡിന് മുന്‍പുള്ള വര്‍ഷങ്ങളേക്കാള്‍ മികച്ച സ്ഥിതിയിലാണ് രാജ്യത്തെ വ്യാവസായിക മേഖല എന്നും റിപ്പോര്‍ട്ട് പറയുന്നു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും രിപൊരിയില്‍ പറയുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം 5.4 ശതമാനത്തില്‍ നിന്നും 2024-25 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 4.9 ശതമാനമായി കുറഞ്ഞുവെന്ന് സര്‍വേ പറയുന്നു. ഇന്ത്യയുടെ ഉപഭോക്തൃ വിലക്കയറ്റം 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 4 ശതമാനത്തിലേക്ക് എത്തിക്കുമെന്ന ലക്ഷ്യവുമായാണ് റിസര്‍വ് ബാങ്കും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു.