ഉളിയത്തടുക്ക: നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. സെക്ഷന്‍ പരിധിയില്‍പ്പെടുന്ന ഉളിയത്തടുക്ക ഭാഗത്ത് ദിവസങ്ങളായി തുടരുന്ന ദീര്‍ഘനേരത്തെ വൈദ്യുതി മുടക്കം കാരണം വ്യാപാരികളും പൊതുജനങ്ങളും കടുത്ത പ്രതിസന്ധിയില്‍. ദിവസേന രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുമെന്ന മുന്‍കൂട്ടി സന്ദേശം ലഭിക്കുന്നുണ്ടെങ്കിലും, മിക്ക ദിവസങ്ങളിലും ഇതിലും കൂടുതല്‍ സമയം വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു.തുടര്‍ച്ചയായി 8 മുതല്‍ 9 മണിക്കൂര്‍ വരെ വൈദ്യുതി ഇല്ലാതാകുന്നത് ദൈനംദിന വ്യാപാരത്തെ പൂര്‍ണ്ണമായി ബാധിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വൈദ്യുതി ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. കടകളിലെ ലൈറ്റുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ്, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ ത്രാസ്, കമ്പ്യൂട്ടര്‍ ബില്ലിംഗ്, ജി.എസ്.ടി. ഇന്‍വോയ്‌സിംഗ് എന്നിവയെല്ലാം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. കൂടാതെ റഫ്രിജറേറ്ററുകളും ഫ്രീസറുകളും പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ്‌ക്രീം, പാല്‍ ഉല്‍പ്പന്നങ്ങള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ കേടായി വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. മഴക്കാലമായതിനാല്‍ ഫാനുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം കൊതുക്, പ്രാണിശല്യം എന്നിവയും വ്യാപാര സ്ഥാപനങ്ങളില്‍ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.അറ്റകുറ്റപ്പണികള്‍ അനിവാര്യമാണെങ്കില്‍ പോലും രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ച് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ആശ്വാസം നല്‍കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയത്തടുക്ക യൂണിറ്റ് ആവശ്യപ്പെടുന്നത്.ഈ വിഷയത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് വ്യാപാരി സംഘടന ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. വ്യാപാരികളുടെ ന്യായമായ ഈ ആവശ്യം പരിഗണിച്ച് ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍, ഉളിയത്തടുക്കയിലെ മുഴുവന്‍ വ്യാപാരികളെയും അണിനിരത്തിക്കൊണ്ട് കെ.എസ്.ഇ.ബി. ഓഫീസിനു മുന്നില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയത്തടുക്ക യൂണിറ്റ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
ദീര്‍ഘനേരത്തെ വൈദ്യുതി മുടക്കം പതിവ്; ഉളിയത്തടുക്കയിലെ വ്യാപാരികള്‍ പ്രതിസന്ധിയില്‍, പരിഹാരമില്ലെങ്കില്‍ സമരത്തിലേക്ക്




