അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ 82 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.തൃഷ ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരമായി. 309 റണ്‍സ് നേടി ടോപ് സ്‌കോററായ തൃഷ 7 വിക്കറ്റും വീഴ്ത്തി.
ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) പുറത്താവാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ തൃഷ തന്നെയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ യുവനിര ബാറ്റിങ് തിരഞ്ഞെടുത്തു. സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യന്‍ യുവനിര ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി 23 റണ്‍സെടുത്ത മീകെ വാന്‍ വൂസ്റ്റ് ആണ് ടോപ് സ്‌കോററായത്. ജെമ്മ ബോത്തയും 16 റണ്‍സും ഫയ് കൗളിംഗ് 15 റണ്‍സും നേടി. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യയ്ക്ക് എട്ട് റണ്‍സെടുത്ത ജി കമലാനിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.