വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയുടെ മുന്നിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയത്.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി, എംപിമാര്‍ എന്നിവരടക്കം പ്രതിഷേധമുഖത്തുണ്ടായിരുന്നു. ഇന്ന് രാത്രി മുഴുവന്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണം, ആക്രമണങ്ങളില്‍ അന്വേഷണം വേണം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണം എന്നീ ആശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. അതീവ സുരക്ഷാ മേഖലയായ ലോഗ് കല്യാണ്‍ മാര്‍ഗ് സെവനിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ സമരം.

Scroll to Top