സിക്കിമിലെ തുരങ്കം അപകടത്തില്‍ മരണം 20 ആയി. കാണാതായവരില്‍ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനും. അനീഷടക്കം കാണാതായ അഞ്ചുപേര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്.
ഗാങ്‌ടോക്ക്/കോട്ടയം: സിക്കിമില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയും. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനിലെ (എന്‍എച്ച്പിസി) സീനിയര്‍ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്. 16 വര്‍ഷമായി എന്‍എച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. അനീഷിന്റെ കുടുംബാംഗങ്ങള്‍ അപകടസ്ഥലത്തേക്ക് തിരിച്ചു.
ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുന്‍പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഹരിയാനയില്‍ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത്. അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. ഭാര്യയും ഭാര്യയുടെ സഹോദരനും അനീഷന്റെ സഹോദരനുമാണ് സിക്കിമിലേക്ക് തിരിച്ചത്. ദില്ലിയില്‍ എത്തിയ മൂവരെയും എന്‍എച്ച്പിസി അധികൃതര്‍ വിമാനമാര്‍ഗം സിക്കിമില്‍ എത്തിച്ചു. സിഗ്‌നലിന്റെ അടക്കം പ്രശ്‌നമുള്ളതിനാല്‍ തെരച്ചിലിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അനീഷന്റെ സഹോദരന്‍ സുഹൃത്തുക്കളെ അറിയിച്ചു.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമര്‍ദുങ്ങില്‍ എന്‍എച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവര്‍ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിര്‍മ്മാണത്തിനിടെ ആണ് മീഥെയിന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. സംഭവത്തില്‍ ഇതുവരെ 20 പേര്‍ മരിച്ചു.
‘പാറ്റകളുടെ’ സമരം ഏറ്റെടുത്ത് കോണ്‍ഗ്രസ്, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ച് സമരം; പ്രതിഷേധം പാര്‍ലമെന്റിലേക്ക്
പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്. അനീഷ് അടക്കം കാണാതായ അഞ്ചുപേര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്. പശ്ചിമ ബംഗാളില്‍നിന്ന് മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവര്‍ണര്‍ ഓം പ്രകാശ് മാത്തൂര്‍ തുടങ്ങിയവര്‍ ചൊവ്വാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവം ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.




